പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക‌് പ്രത്യേക ധനസഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക‌് ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ പ്രത്യേക ധനസഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ധനസഹായമായി പരമാവധി ഒന്നരലക്ഷം രൂപ വരെ അനുവദിക്കുന്ന പുതിയ പദ്ധതിക്ക‌് പട്ടികജാതി വികസന വകുപ്പ‌് രൂപം നല്‍കി.
വിവിധ വകുപ്പുകള്‍ വഴി ഭവന നിര്‍മാണ ധനസഹായ തുക പൂര്‍ണമായി കൈപറ്റിയിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍, മേല്‍ക്കൂര നിര്‍മിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന‌് ധനസഹായത്തിന്റെ അവസാന ഗഡു കൈപ്പറ്റാന്‍ കഴിയാത്തവര്‍, വീട‌് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്കാണ‌് ധനസഹായം.

2019–20 സാമ്ബത്തിക വര്‍ഷം 5000 ഗുണഭോക്താക്കള്‍ക്ക‌് സഹായം നല്‍കാന്‍ പട്ടികജാതിവികസന വകുപ്പ‌് തീരുമാനിച്ചു. ധനസഹായ തുക കൈപ്പറ്റി പത്ത‌് വര്‍ഷം വരെയായവര്‍ക്കും ഒരുലക്ഷം രൂപ വരെ വാര്‍ഷിക കുടുംബവരുമാനമുള്ളവര്‍ക്കായിരിക്കും യോഗ്യത. മുന്നുഗഡുക്കളായി തുക വകുപ്പിന്റെ ഇ–ഹൗസിങ് സൈറ്റ‌് വഴി ഗുണഭോക്താക്കളുടെ ബാങ്ക‌് അക്കൗണ്ടില്‍ നിക്ഷേപിക്കും.

തുക അനുവദിക്കാന്‍ മുന്‍ഗണന മാനദണ്ഡങ്ങളും നിശ്ചയിച്ചു. മുന്‍ഗണന മാനദണ്ഡ പ്രകാരം ഏറ്റവും കൂടുതല്‍ മാര്‍ക്ക‌് ലഭിക്കുന്നവര്‍ക്കാണ‌് ആദ്യം ധനസഹായം. മേല്‍ക്കൂര മാറ്റേണ്ടവര്‍, ബലപ്പെടുത്തേണ്ടവര്‍–30, വാതില്‍ , ജനല്‍ ഇല്ലാത്തവര്‍–20, തറ, ചുമര‌് പൂര്‍ത്തീകരിക്കാത്തവര്‍, ബലപ്പെടുത്തേണ്ടവര്‍–15, വാര്‍ഷിക കുടുംബവരുമാനം 50 000 രൂപയില്‍ താഴെയുള്ളവര്‍–15, അടുക്കള നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടവര്‍–10, ചുവരുകള്‍ പ്ലാസ‌്റ്ററിങ് നടത്തേണ്ടവര്‍–5, നിലം തയ്യാറാക്കേണ്ടവര്‍–5 എന്നിങ്ങയൊണ‌് മാര്‍ക്ക‌്.

നിര്‍മാണത്തിന്റെ ഒരോഘട്ടവും പട്ടികജാതി വികസന ഓഫീസര്‍ വിലയിരുത്തും. ആകെ തുകയുടെ 30, 50, 20 ശതമാനമാണ‌് മൂന്നുഗഡുക്കളായി നല്‍കുക. നിര്‍മാണം പൂര്‍ത്തിയാകുമ്ബോള്‍ അവസാന ഗഡുവും കൈമാറും.
ലൈഫ‌് പദ്ധതി ആരംഭിക്കുന്നതിന‌് മുമ്ബ‌് സര്‍ക്കാര്‍ 24000 വീടുകള്‍ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക‌് അനുവദിച്ചിരുന്നു. ഇതില്‍ പകുതിവീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ശേഷിക്കുന്നവയുടേയും ലൈഫ‌് പദ്ധതിയില്‍ ഉള്‍പ്പെട്ട വീടുകളുടേയും നിര്‍മാണം പുരോഗമിക്കുകയാണ‌്.
