KOYILANDY DIARY

The Perfect News Portal

നൂറ്റിയിരുപത്തിനാല് പേരെ നൂറ് മിനിട്ടിനുള്ളില്‍ നീന്തല്‍ പഠിപ്പിച്ച്‌ ചാള്‍സണ്‍

പയ്യന്നൂര്‍:  നൂറിന് പകരം നൂറ്റിയിരുപത്തിനാല് പേരെ നൂറ് മിനിട്ടിനുള്ളില്‍ നീന്തല്‍ പഠിപ്പിച്ച്‌ ചാള്‍സണ്‍ ലോകറെക്കോര്‍ഡ് നേടി. ഏഴിമല സ്വദേശിയും കേരള ടൂറിസം ലൈഫ്ഗാര്‍ഡും കായല്‍-പുഴ-കടല്‍ നീന്തലിലൂടെ ലോക റെക്കോര്‍ഡ് ജേതാവുമായ ചാള്‍സണാണ് നൂറ്കണക്കിനാളുകളെ സാക്ഷിനിര്‍ത്തി കവ്വായി കായലിന്റെ ഓളപ്പരപ്പില്‍ പുതിയ ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ചത്.

രാമന്തളി ഏറന്‍പുഴയോരത്ത് നടന്ന സമാപന യോഗത്തില്‍ അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് ഒഫിഷ്യല്‍ ജൂറി യാസര്‍ അറാഫത്ത്, കാര്‍ട്ടൂണിസ്റ്റ് എം.ദിലീപ് എന്നിയവരാണ് റെക്കോര്‍ഡ് പ്രഖ്യാപനം നടത്തിയത്. യാതൊരുവിധ ഉപകരണങ്ങളും ശരീരസ്പര്‍ശനവുമില്ലാതെ നൂറ് മിനിട്ടിനുള്ളില്‍ ഏറ്റവും കൂടുതലാളുകളെ നീന്തല്‍ പഠിപ്പിച്ചതിനുള്ള അത്യപൂര്‍വ്വ ബഹുമതിയാണ് ചാള്‍സണ് ലഭിച്ചിരിക്കുന്നതെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു.

ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി സമാപന യോഗം ഉദ്ഘാടനം ചെയ്ത് പുതിയ റെക്കോര്‍ഡ് ചാള്‍സന് സമ്മാനിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം.വി.ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ഗിന്നസ് റെക്കോര്‍ഡ് ജേതാക്കളായ അഭീഷ് പി.ഡൊമിനിക്ക്, ഇന്ത്യന്‍ ബ്രൂസ്ലി എന്നറിയപ്പെടുന്ന കെ.ജെ.ജോസഫ് എന്നിവരുടെ മാസ്മരിക പ്രകടനങ്ങളും അരങ്ങേറി. ജനറല്‍ കണ്‍വീനര്‍ ഒ.കെ.ശശി, ചാള്‍സണ്‍ ഏഴിമല തുടങ്ങിയവര്‍ സംസാരിച്ചു.

Advertisements

ഒമ്ബത് ഗിന്നസ് റെക്കോര്‍ഡ് ജേതാക്കളും സംഘാടക സമിതി ഭാരവാഹികളും ചേര്‍ന്നാണ് പരിപാടി ഫ്ളാഗ് ഓഫ് ചെയ്തത്. അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നീ റെക്കോര്‍ഡുകള്‍ ലക്ഷ്യവെച്ചുള്ള നീന്തല്‍ പരിശീലനത്തിന് നൂറ് പേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പരിശീലനത്തിനെത്തിയ 124 പേരായിരുന്നു.

എല്ലാവരേയും നീന്തിപ്പിച്ചതിന് പുറമെ പലരേയും ഈ സമയത്തിനുള്ളില്‍ വെള്ളത്തിന് മുകളില്‍ ഫ്ളോട്ടിംങ്ങ് ചെയ്ത് ചാള്‍സണ്‍ കിടത്തിയപ്പോള്‍ നിര്‍ത്താത്ത കരഘോഷമാണ് കരയില്‍ നിന്നുയര്‍ന്നത്.നൂറാം മിനിട്ടില്‍ പരിശീലനം അവസാനിച്ചപ്പോള്‍ നീന്തല്‍ പഠിക്കാനെത്തിയവര്‍ ചാള്‍സനെ എടുത്തുയര്‍ത്തിയാണ് കരയിലേക്ക് എത്തിച്ചത്.മറ്റു റെക്കോര്‍ഡുകള്‍ക്ക് വേണ്ടി സാക്ഷ്യപ്പെടുത്തിയ ദൃശ്യങ്ങളും വിവരണങ്ങളും റെക്കോര്‍ഡ് പ്രതിനിധികള്‍ക്ക് ചാള്‍സണ്‍ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *