KOYILANDY DIARY

The Perfect News Portal

നിര്‍ധനയായ വിദ്യാര്‍ത്ഥിക്ക് സ്നേഹവീടൊരുക്കി വിദ്യാര്‍ഥികള്‍

വടകര : രണ്ടര മാസം കൊണ്ട് നിര്‍ധനയായ വിദ്യാര്‍ത്ഥിക്ക് സ്നേഹവീടൊരുക്കാനായതിന്റെ നിര്‍വൃതിയിലാണ് വില്യാപ്പള്ളി എംജെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജ്മെന്റും. സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മലാറക്കല്‍ പ്രദേശത്ത് ഒമ്പ
തര ലക്ഷം രൂപ മുടക്കി സ്വപ്ന ഭവനം നിര്‍മ്മിച്ചു നല്‍കിയത്. വീടിന്റെ താക്കോല്‍ദാനം തിങ്കളാഴ്ച തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിത്യചെലവിന് പോലും ബുദ്ധിമുട്ടുന്ന കുടുംബത്തിനാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. വാര്‍ഡ് മെമ്പറായ ഫെബിന സാലിം ആണ് വീട് നിര്‍മ്മിച്ചു നല്‍കേണ്ട കാര്യം ആദ്യമായി സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജ്മെന്റും വീട് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വീട് നിര്‍മ്മിച്ചു നല്‍കുന്ന കുടുംബത്തിലെ അംഗത്തിന് അസുഖം ബാധിക്കുക കൂടി ചെയ്തതോടെ പരമാവധി വേഗത്തില്‍ പണം സമാഹരിക്കുക എന്ന ലക്ഷ്യവുമായി സ്കൂള്‍ അധികൃതര്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

വിദ്യാര്‍ത്ഥികളും അധ്യാപകരും തങ്ങള്‍ക്കാവുന്ന പരമാവധി വിഹിതം വീട് നിര്‍മ്മാണ ഫണ്ടിലേക്ക് നല്‍കി. ഇതിനിടെ എട്ടാം തരത്തില്‍ പഠിക്കുന്ന നഹ അഷ്റഫ് എന്ന വിദ്യാര്‍ത്ഥി കുടുബ വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ ഒരു ലക്ഷത്തോളം രൂപ സമാഹരിച്ചത് മറ്റു വിദ്യാര്‍ത്ഥികളിലും ധനസമാഹരണത്തിന് മുന്നിട്ടിറങ്ങാന്‍ പ്രേരകമായി. വിഎച്ച്‌എസ്‌ഇയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രണ്ട് ലക്ഷത്തോളം രൂപ സമാഹരിച്ചു നല്‍കി.

Advertisements

സ്കൂള്‍ എന്‍എസ്‌എസ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു വീട് നിര്‍മ്മാണം. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വിപി ഉബൈദ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചു. ബാനി അസോസിയേറ്റ്സിലെ ആര്‍കിടെക്റ്റുകളായ റിസ്വാന്‍ റിയാസ്, ഷാജബീന്‍ സാങ്കേതിക സഹായങ്ങള്‍ നല്‍കി.

തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന താക്കോല്‍ദാന പരിപാടിയില്‍ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള അധ്യക്ഷത വഹിക്കും. സ്കൂളിലെ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രകാശനവും വിവിധ മേഖലകളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പരിപാടിയും താക്കോല്‍ ദാനത്തോടനുബന്ധിച്ച്‌ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ഫെബിന സാലിം, പിടിഎ പ്രസിഡണ്ട് ടിപി ഹസ്സന്‍, മാനേജര്‍ കാര്യാട്ട് കുഞ്ഞമ്മദ് മാസ്റ്റര്‍, പ്രധാന അധ്യാപകന്‍ കെ.കെ കുമാരന്‍, പ്രിന്‍സിപ്പാള്‍ കെകെ കാസിം, ആര്‍ യുസുഫ് ഹാജി, കണ്‍വീനര്‍ ഉബൈദ് വിപി, രാമകൃഷ്ണന്‍, പി മൊയ്തീന്‍, എംകെ റഫീഖ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *