നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

പാലക്കാട്: ഇഷ്ടിക കയറ്റിയ ടിപ്പര്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. നാലു ദിവസം മുന്‍പ് രേഖകളില്ലാതെ ഇഷ്ടിക കടത്താന്‍ ശ്രമിച്ചതിന് കലക്ടറുടെ സ്‌ക്വാഡ് പിടികൂടി പോലിസിന് കൈമാറിയ വാഹനത്തില്‍ നിന്നാണ് 50 ലക്ഷത്തിലധികം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളായ ഹാന്‍സും, കൂള്‍ ലിപ്പും കണ്ടെടുത്തത്.
നല്ലേപ്പിള്ളി കൈതകുഴിയില്‍ വെച്ച് കലക്ടറുടെ സ്‌ക്വാഡാണ് വാഹനം പിടികൂടിയത്. അന്നു തന്നെ ചിറ്റൂര്‍ പോലീസിനു കൈമാറി. അന്നു മുതല്‍ ചിറ്റൂര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള വാഹനത്തില്‍ നിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്.

ചിറ്റൂര്‍ പോലീസിലെ ഇന്റലിജന്‍സ് വിഭാഗത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടിപ്പറിനു മുകള്‍ ഭാഗത്തു മാത്രം ഇഷ്ടിക അടുക്കി വെച്ച് അടിവശത്ത് ചാക്കുകളിലായി സൂക്ഷിച്ച ഹാന്‍സ് കണ്ടെത്തിയത്. 94 ചാക്കുകളിലായാണ് ലഹരിവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം ഷൗക്കത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം ശ്രീകൃഷ്ണപുരം പ്ലാവിളയില്‍ പ്രദീപ് കുമാറാണ് ഓടിച്ചിരുന്നത്. ഇവര്‍ക്കെതിരേ കേസെടുക്കുമെന്ന് ചിറ്റൂര്‍ പോലീസ് പറഞ്ഞു.

