KOYILANDY DIARY

The Perfect News Portal

നാളെ ജില്ലയില്‍ 7,63,088 കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ഗുളികകള്‍ നല്‍കും

കോഴിക്കോട്: ദേശീയ വിരമുക്ത ദിനാചരണത്തിന്റെ ഭാഗമായി നാളെ ജില്ലയില്‍ 7,63,088 കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. ഒന്നു മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഗുളികകള്‍ നല്‍കുന്നത്. ദേശീയ വിരമുക്തദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പത്തിന് ഉച്ചയ്ക്ക് 2.30ന് മീഞ്ചന്ത രാമകൃഷ്ണാ മിഷന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികളിലെയും ഡേകെയര്‍ സെന്ററുകളിലെയും കുട്ടികള്‍ക്കുമാണ് ഗുളിക നല്‍കുന്നത്. ഒന്നുമുതല്‍ രണ്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ അലിയിപ്പിച്ചാണ് കൊടുക്കുന്നത്.

സ്കൂളുകളിലും അങ്കണവാടികളിലും ഉച്ചഭക്ഷണത്തിനു ശേഷംഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ഗുളിക ചവച്ചരച്ച്‌ കഴിക്കാന്‍ നല്‍കും. ഈമാസം പത്തിന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ വിര വിമുക്തമായ ദിനമായ ഈ മാസം 15ന് തീര്‍ച്ചയായും കഴിക്കേണ്ടതാണെന്ന് ഡി.എം.ഒ അറിയിച്ചു. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, സമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *