KOYILANDY DIARY

The Perfect News Portal

നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി ബിനു യാത്രയായി

കൊച്ചി: മരണത്തെ മുഖാമുഖംകണ്ട നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി ബിനു യാത്രയായി. മസ്തിഷ്കമരണം സംഭവിച്ച എറണാകുളം വൈറ്റില ഐഎസ്‌എന്‍ റോഡ് മാമ്പ്രയില്‍ വീട്ടില്‍ ബിനു കൃഷ്ണന്റെ (35) ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ് എന്നിവയാണ് ദാനംനല്‍കിയത്. ഹൃദയം കോഴിക്കോട്ടെ മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശി സിനോജിനും (28), ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശി ജയകുമാറിനും (46),രണ്ടാമത്തെ വൃക്കയും പാന്‍ക്രിയാസും അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള കോട്ടയം മണിമല സ്വദേശിനിയായ സൂര്യ അശോകിനും (31), കരള്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലുള്ള ശാസ്തമംഗലം സ്വദേശി സുരേഷ്കുമാറിനുമാണ് (48) നല്‍കിയത്.

പരേതനായ കൃഷ്ണന്റേയും അമ്മിണിയുടെയും മകനാണ് എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലിചെയ്യുന്ന ബിനുകൃഷ്ണന്‍ ശനിയാഴ്ച സുഹൃത്തിനൊപ്പം ബൈക്കോടിക്കുന്നതിനിടെ വൈറ്റില ജങ്ഷനിലെത്തിയപ്പോള്‍ കഠിനമായ തലവേദനയനുഭവപ്പെടുകയും രക്തസമ്മര്‍ദം കൂടുകയും ചെയ്തു. തുടര്‍ന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെത്തിച്ചു. വിദഗ്ധപരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുള്ളതായും തലാമിക് ബ്ളീഡാണെന്നും കണ്ടെത്തി. പരമാവധി ശ്രമിച്ചെങ്കിലും വ്യാഴാഴ്ചയോടെ മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു.

വിവരമറിഞ്ഞ് കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ ബിനുവിന്റെ ബന്ധുക്കളോട് സംസാരിച്ചു. ഭാര്യ സിനിയും സഹോദരന്‍ ബിജു കൃഷ്ണനും അവയവദാനത്തിന് സമ്മതം നല്‍കി. എറണാകുളത്തുനിന്ന് ഹൃദയം എയര്‍ ആംബുലന്‍സ് വഴിയാണ് കോഴിക്കോട്ടെത്തിച്ചത്. ബിനു കൃഷ്ണന്റെ സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍ നടന്നു.

Advertisements

അവയവദാനം നടന്നത് വിവിധ ജില്ലകളിലായതിനാല്‍ ഏകോപനമൊരുക്കിയത് സര്‍ക്കാരാണ്. മന്ത്രി കെ കെ ശൈലജ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവര്‍ അടിയന്തരമായി ഇടപെട്ട് അവയവദാന പ്രക്രിയ സുഗമമാക്കാന്‍വേണ്ട നടപടികള്‍ എടുത്തു. എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കലക്ടര്‍മാര്‍, പൊലീസ് മേധാവികള്‍ എന്നിവര്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കുന്നതിന് സുപ്രധാന പങ്കുവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *