KOYILANDY DIARY

The Perfect News Portal

നായാടൻ പുഴ പുനരുദ്ധാരണം സർവ്വെ നടപടികൾ ആരംഭിച്ചു

കൊയിലാണ്ടി:  നൂറ്റാണ്ടുകൾ പഴക്കമുള്ളതും പുഴയൊഴുകിയിരുന്ന വിവിധ ഭാഗങ്ങളിലെ കൈയേറ്റങ്ങളാൽ നാശോന്മുഖമായി കൊണ്ടിരിക്കുന്നതുമായ നായാടൻ പുഴയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട സർവ്വെ നടപടികൾക്ക് തുടക്കമായി.  അതിര് നിശ്ചയിച്ച് കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് കെ.ദാസൻ എം.എൽ.എ തുടക്കം കുറിച്ചു.  വെളിയന്നൂർ ചല്ലിയെയും അനുബന്ധ പാടശേഖരങ്ങളെയും പൂർണ്ണ തോതിൽ കൃഷിയോഗ്യമാക്കുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് നായാടൻ പുഴയുടെ വീണ്ടടുപ്പിനുള്ള സർവ്വെയും ആരംഭിച്ചത്.  കഴിഞ്ഞ ദിവസം  തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കൊയിലാണ്ടി നഗരസഭയിൽ ചേർന്ന യോഗത്തിലും  നായാടൻ പുഴയിലെ സർവ്വെയുടെ കാര്യം വേഗത്തിലാക്കാൻ തീരുമാനിച്ചിരുന്നു. 
നായാടാൻ പുഴയെയും ബന്ധപ്പെട്ടുകിടക്കുന്ന ചെറുകോൽപുഴയെയും ഉൾക്കൊള്ളിച്ചു കൊണ്ടിരിക്കുന്ന ബൃഹദ് നെൽകൃഷി പദ്ധതിയാണ് വെളിയന്നൂർ ചല്ലിയുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്നത്.  മൈനർ ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ കൺവീനറായ കമ്മറ്റിയെയാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്ക് നബാർഡ് വഴി സഹായം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.  പാടശേഖരങ്ങളിലെ സർവ്വെ  നടപടികൾക്ക് വേഗത്തിലാക്കാൻ മൈനർ ഇറിഗേഷൻ വകുപ്പ് എറണാകുളം കേന്ദ്രമാക്കിയ ഒരു കമ്പനിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആ സർവ്വെയും പുരോഗമിക്കുകയാണ്.
സർവ്വെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് വിപുലമായ പദ്ധതി രേഖ തയ്യാറാക്കുക.  മുത്താമ്പി ഭാഗത്ത് നായാടൻ പുഴയുടെ ഓരത്ത് നടന്ന സർവ്വെ നടപടികളിൽ എം.എൽ.എ യെ കൂടാതെ വെളിയന്നൂർ ചല്ലി പ്രൊജക്ട് കോർഡിനേറ്റർ അശ്വനിദേവ്, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ കെ. വത്സരാജൻ, താലൂക്ക് സർവെയർ കെ. മനോജൻ, ഉദ്യോസ്ഥരായ രാജീവൻ, ലിപീഷ്, ഒ.പി. ജയജിത് എന്നിവർ സംബന്ധിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *