KOYILANDY DIARY

The Perfect News Portal

നവകേരള മാര്‍ച്ച് : ഹൃദയത്തുടിപ്പായി ജനകീയ മുന്നേറ്റം

കാഞ്ഞങ്ങാട് > കേരളത്തിന്റെ തുടിപ്പുകള്‍ ഏറ്റുവാങ്ങിയ നവകേരള മാര്‍ച്ച് സമാനതയില്ലാത്ത ജനകീയ മുന്നേറ്റംസൃഷ്ടിച്ച് കണ്ണൂരിന്റെ ഹൃദയഭൂമിയില്‍. പിണറായി വിജയന്‍ നയിക്കുന്ന മാര്‍ച്ച് രണ്ടാം ദിനം രാവിലെ കാസര്‍കോട്ടെ ചട്ടഞ്ചാലില്‍ തുടങ്ങി പയ്യന്നൂരില്‍ സമാപിച്ചു. മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിനെ സ്വീകരിക്കാന്‍ നാടൊന്നാകെ ഒഴുകിയെത്തുകയാണ്. വന്‍ സ്ത്രീപങ്കാളിത്തമുള്‍പ്പെടെ പതിനായിരങ്ങളാണ് അത്യാവേശപൂര്‍വം ശനിയാഴ്ച നാലു കേന്ദ്രത്തിലും എത്തിയത്. യുവജനങ്ങളുടെ വലിയ നിര ഭാവികേരളം ഇടതുപക്ഷത്തിന്റെ കരങ്ങളില്‍ സുരക്ഷിതമാകുമെന്ന പ്രഖ്യാപനമായി. ചട്ടഞ്ചാല്‍, കാഞ്ഞങ്ങാട്, കാലിക്കടവ്, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് ജനങ്ങളുടെ മഹാപ്രവാഹം.

ചുവപ്പ് വളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് എല്ലാ കേന്ദ്രത്തിലും മാര്‍ച്ചിനെ വരവേറ്റത്. പിണറായി വിജയനെയും അംഗങ്ങളെയും  ഷാളണിയിച്ച് സ്വീകരിച്ചു. ഉപഹാരങ്ങളും നല്‍കി. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിച്ചവരെയും രക്തസാക്ഷി കുടുംബാംഗങ്ങളെയും പഴയകാല പാര്‍ടി നേതാക്കളെയും പിണറായി  ആദരിച്ചു.

രാവിലെ പത്തോടെ ആദ്യ സ്വീകരണകേന്ദ്രമായ ചട്ടഞ്ചാല്‍ ജനനിബിഡമായി. ഉദുമ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹനത്തിലും കാല്‍നടയായും എത്തിയ ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ചെറുനഗരം വീര്‍പ്പുമുട്ടി.

Advertisements

കാഞ്ഞങ്ങാട്ടെ സ്വീകരണത്തില്‍ ചെമ്പതാകയും ചുവന്ന ബലൂണുകളും തൊപ്പിയുമായി ജനങ്ങള്‍ നഗരത്തിലാകെ പരന്നു. തുറന്ന വാഹനത്തില്‍ ലീഡറെ ആനയിച്ച് സമ്മേളനം ചേര്‍ന്ന കൈലാസ് തിയേറ്റര്‍ ഗ്രൌണ്ടിലേക്കുള്ള വരവ് നഗരത്തെ ത്രസിപ്പിച്ചു. എ കെ നാരായണന്‍ അധ്യക്ഷനായി. എം രാജഗോപാലന്‍ സ്വാഗതം പറഞ്ഞു. വൈകിട്ട് അഞ്ചരയോടെ കാലിക്കടവിലെത്തുമ്പോള്‍ പഞ്ചായത്ത് മൈതാനിയില്‍ പതിനായിരങ്ങള്‍ ഇളകിമറിഞ്ഞു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. എം വി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.