KOYILANDY DIARY

The Perfect News Portal

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലും വില്ലനായത് റാഗിംഗ്

തിരുവനന്തപുരം: കോളജ് ക്യാംപസ്സുകളിലും സ്‌കൂളുകളിലും നിരവധി വിദ്യാര്‍ത്ഥികളുടെ ജീവനെടുത്തിട്ടുണ്ട് റാഗിംഗ്. തിരുവനന്തപുരം ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലും വില്ലനായത് റാഗിംഗ് തന്നെ.

പതിനെട്ടുകാരിയായ ശിവപ്രിയയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ശിവപ്രിയയുടെ അമ്മ അജിത കുമാരി ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ മകളെയായിരുന്നു.

എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും അജിത കുമാരി ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാന്‍ പോയിരുന്നു. വീട്ടില്‍ ശിവപ്രിയ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. ഇഷ്ടദേവിയുടെ അനുഗ്രഹവും വാങ്ങി വീട്ടില്‍ തിരിച്ചെത്തിയ അജിതയെ കാത്തിരുന്നത് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.

Advertisements

കത്തിക്കരിഞ്ഞ സ്വന്തം മകളുടെ മൃതദേഹമാണ് അജിതയ്ക്ക് പൊങ്കാല ദിനത്തില്‍ കാണേണ്ടി വന്നത്. വര്‍ക്കല സ്വകാര്യ നഴ്‌സിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മരണപ്പെട്ട ശിവപ്രിയ. ആറ്റിങ്ങല്‍ അയിലം കാട്ടുചന്ത സ്വദേശിനിയാണ് ശിവപ്രിയ.

ശിവപ്രിയ പഠിക്കുന്ന കോളേജില്‍ റാഗിംഗുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നിരുന്നു. റാഗിംഗിന് എതിരെ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയുണ്ടായി. ശിവപ്രിയ അടക്കമുള്ള സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയായിരുന്നു പരാതിയെന്നാണ് സൂചന.

ഇതേ തുടര്‍ന്ന് ശിവപ്രിയയ്ക്ക് പ്രിന്‍സിപ്പാള്‍ മെമ്മോ നല്‍കിയിരുന്നു. ഇതിലുള്ള വിഷമം കാരണമാണ് ശിവപ്രിയ തീകൊളുത്തി ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. സഹോദരന്‍ വിഷ്ണുവും പൊങ്കാലയ്ക്ക് അമ്മയുടെ കൂടെ പോയ സമയത്താണ് ശിവപ്രിയ മരണം തെരഞ്ഞെടുത്തത്.

അതേസമയം ശിവപ്രിയയുടെ മരണകാരണം എന്താണെന്നത് സംബന്ധിച്ച് പോലീസില്‍ നിന്നും കൃത്യമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. റാഗിംഗ് പ്രശ്‌നമാണോ മറ്റെന്തിലും പ്രശ്‌നമുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. മരണകാരണം അന്വേഷിച്ച് വരികയാണ് എന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതേ ഉള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *