KOYILANDY DIARY

The Perfect News Portal

നഗ്ന ഫോട്ടോകള്‍ എടുത്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വക്കീല്‍ ഉള്‍പെടെ നാലുപേര്‍ പിടിയില്‍

പാലക്കാട് :  വിവാഹ നാടകം നടത്തി നഗ്ന ഫോട്ടോകള്‍ എടുത്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വക്കീല്‍ ഉള്‍പെടെ നാലുപേര്‍ പിടിയില്‍. എടത്തനാട്ടുകര പാലക്കടവ് താഴത്തെപീടിക അബ്ദുല്‍ ഗഫൂറിന്റെ പരാതിയില്‍ കുടക് സ്വദേശി മുഹമ്മദ് സാദിഖ് (ഫായിസ് 30), വിവാഹ ദല്ലാള്‍ മണ്ണാര്‍ക്കാട് തത്തേങ്ങലം സ്വദേശി അബ്ദു റഹിമാന്‍ (44), വയനാട് സ്വദേശി അബൂബക്കര്‍ (ജാഫര്‍-52), വക്കീല്‍ കൂടിയായ ജോര്‍ജ് (55) എന്നിവരാണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസിനു ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പി കെ.എം സൈതാലി, മണ്ണാര്‍ക്കാട് സിഐ ഹിദായത്തുല്ല മാമ്ബ്ര, നാട്ടുകല്‍ എസ്‌ഐ വിഎസ് മുരളീധരന്‍ എസ്‌ഐ പ്രസാദ് വര്‍ക്കി, എഎസ്‌ഐ അബ്ദുല്‍ സലാം, സിപിഒ മാരായ താപിര്‍, ശാഫി, ജയകൃഷ്ണന്‍, സുരേഷ്, സതീഷ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. അലനല്ലൂരില്‍ നിന്നാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെയാണ്: കഴിഞ്ഞ ഓഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. എടത്തനാട്ടുകര സ്വദേശി അബ്ദുല്‍ ഗഫൂര്‍ രണ്ടാം വിവാഹം കഴിക്കുന്നതിന് സുഹൃത്തായ എടത്തനാട്ടുകര സ്വദേശിയെ സമീപിച്ചു. തുടര്‍ന്ന് ഗഫൂറിന്റെ കാറില്‍ ഇരുവരും നിലമ്ബൂരിലെത്തി.

Advertisements

അവിടെനിന്നു വിവാഹ ദല്ലാളന്‍മാര്‍ കാറില്‍ കയറി മൈസൂരിലെ മാണ്ട്യയിലെത്തി റസീന എന്നു പരിചയപ്പെടുത്തിയ യുവതിയുമായി വിവാഹബന്ധം ഉറപ്പിച്ചു. ഒന്നേകാല്‍ ലക്ഷത്തിന്റെ സാധനങ്ങളും ആറു പവന്‍ സ്വര്‍ണവും പെണ്‍വീട്ടുകാര്‍ ഗഫൂറില്‍ നിന്നു കൈപ്പറ്റി. യുവതിയുടെ സഹോദരനായി മുഹമ്മദ് സാദിഖ് അഭിനയിച്ചു.

തുടര്‍ന്ന് ബന്ധുക്കളായെത്തിയവരുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തുകയും ഫോട്ടോ പകര്‍ത്തുകയും ചെയ്തു. അതിനുശേഷം വാടകക്കെടുത്ത വീട്ടില്‍വച്ച്‌ ഗഫൂര്‍ അറിയാതെ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിക്കുയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അടുത്ത ദിവസം സ്വന്തം നാട്ടിലേക്ക് മടങ്ങിയ ഗഫൂര്‍, ഓഗസ്റ്റ് 26ന് വീണ്ടും
കാറില്‍ സുഹൃത്തുമൊന്നിച്ച്‌ റസീനയെ നാട്ടിലേക്കു കൊണ്ടുപോകാനായി മാണ്ട്യയിലെത്തി. ആ സമയം യുവതിയും ബന്ധുക്കളും ചേര്‍ന്ന് ഇരുവരെയും ബന്ധികളാക്കുകയും നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

വിവാഹം ഒഴിയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമായിരുന്നു ആവശ്യം. മൂന്നു ദിവസമാണ് ഗഫൂറിനെയും സുഹൃത്തിനെയും പെണ്‍വീട്ടുകാര്‍ ബന്ധികളാക്കിയത്. ഒടുവില്‍ വിലപേശലിനെ തുടര്‍ന്ന് തുക 25 ലക്ഷം രൂപയാക്കി കുറച്ചു. ഇതുപ്രകാരം സംഘം ഇരുവരുമായി 28ന് എടത്തനാട്ടുകരയിലെ വീട്ടിലെത്തി ഗഫൂറില്‍ നിന്നു 10 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും കൈക്കലാക്കി മടങ്ങി.

ബാക്കി തുകയ്ക്കായി വക്കീല്‍ കൂടിയായ ജോര്‍ജ് പ്രമാണങ്ങളില്‍ ഒപ്പിട്ടു വാങ്ങി. തുടര്‍ന്നും പ്രതികള്‍ ഗഫൂറിനെ ഭീഷണിപ്പെടുത്തിയപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസിന്റെ നിര്‍ദേശമനുസരിച്ച്‌ നോട്ടുകെട്ടിന്റെ മാതൃകയില്‍ പേപ്പര്‍ വച്ച്‌ പണം കൈമാറാമെന്ന ഉറപ്പില്‍ പ്രതികളെ പ്രലോഭിപ്പിച്ച്‌ എത്തിക്കുകയായിരുന്നു. സംഘം വിലപേശല്‍ നടത്തുന്നതിനിടെ പോലീസ് നാലു പേരെയും അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *