KOYILANDY DIARY

The Perfect News Portal

ദേശീയപാതാ വികസനം: വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കിത്തുടങ്ങി

കൊയിലാണ്ടി: അഴിയൂർ – വെങ്ങളം ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കിത്തുടങ്ങി. അറുനൂറോളം വീടുകളാണ് ബൈപ്പാസ് നിർമാണത്തിനായി പൊളിച്ചു നീക്കേണ്ടത്. ബൈപ്പാസ് നിർമാണത്തിന് 95 ശതമാനം ഭൂമിയും ഏറ്റെടുത്ത് നാഷണൽ ഹൈവേ അതോറിറ്റിക്ക്‌ കൈമാറിയതായി എൽ.എ. എൻ.എച്ച്. അധികൃതർ പറഞ്ഞു. ചേമഞ്ചേരി, പയ്യോളി വില്ലേജുകളിൽ ഏതാനും സ്ഥലമുടമകൾക്കുകൂടി നഷ്ടപരിഹാരം നൽകാനുണ്ട്. അതിനുള്ള ഫണ്ടും എത്തിയതായാണ് വിവരം. ഏറ്റെടുത്ത സ്ഥലത്തെ വീടുകൾ നിശ്ചിത സമയത്തിനുളളിൽ പൊളിച്ചുനീക്കി സാധനങ്ങൾ കൊണ്ടുപോകാൻ ഉടമകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയപാതാ വികസനം കരാറെടുത്തത് അദാനി ഗ്രൂപ്പാണ്. എന്നാൽ, അവർ അഹമ്മദാബാദിലെ വാഗഡ് ഇൻഫ്രാസ്ട്രക്ട്ടർ എന്ന കമ്പനിക്ക്‌ നിർമാണ പ്രവൃത്തികൾ ഉപകരാർ നൽകിയിരിക്കുകയാണ്. വാഗഡിന്റെ തൊഴിലാളികളും നിർമാണ സാമഗ്രികളും എത്തിക്കഴിഞ്ഞു. ഏറ്റെടുത്ത സ്ഥലത്തെ മരങ്ങളും കെട്ടിടങ്ങളും നീക്കംചെയ്താൽ റോഡുനിർമാണം ആരംഭിക്കും. വൈദ്യുത ലൈനുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവ നീക്കം ചെയ്യാനുളള തുക അദാനി ഗ്രൂപ്പ് കെ.എസ്.ഇ.ബി.യിൽ അടയ്‌ക്കണം.

എത്ര വൈദ്യുതക്കാലുകൾ നീക്കം ചെയ്യണമെന്നുള്ള കണക്ക് കെ.എസ്.ഇ.ബി. അധികൃതരും ദേശീയപാതാ അധികൃതരും ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്. വൈദ്യുതക്കാലുകൾ മാറ്റി സ്ഥാപിക്കുന്നതും പുതിയ ലൈനുകൾ വലിക്കുന്നതും റോഡുനിർമാണം കരാറെടുത്തവർ തന്നെയാണ്. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ പ്രവൃത്തിക്ക്‌ മേൽനോട്ടംവഹിക്കുക മാത്രമാണ് ചെയ്യുക. അതിനാൽ ഒന്നോ, രണ്ടോ ആഴ്ച കൊണ്ടുതന്നെ വൈദ്യുതക്കാലുകളെല്ലാം മാറ്റിസ്ഥാപിക്കും. 45 മീറ്റർ വീതിയിൽ വരുന്ന ആറുവരിപ്പാത മുറിച്ച് മുകളിലുടെ വൈദ്യുതലൈനുകൾ ഉണ്ടാവില്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *