ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ ദമ്ബതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: നാലാഞ്ചിറയില്‍ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ ദമ്ബതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. നാലാഞ്ചിറ കുരിശടിക്ക് സമീപം പനയപ്പള്ളി റോഡില്‍ 120-ാം നമ്ബര്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന എറണാകുളം ചേരാനല്ലൂര്‍ സ്വദേശികളായ റോയ് (എല്‍ദോ-45), ഗ്രേസി (40) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീടിന്റെ രണ്ടാം നിലയില്‍ വാടകയ്ക്ക് താമസിക്കുന്നവരാണിവര്‍. പാചക വാതക സിലിണ്ടറില്‍നിന്ന് വാതകം ചോര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചിട്ടില്ല. അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍. അടുക്കള പൂര്‍ണമായും കത്തിനശിച്ചു.

റോയ്ക്ക് ചില സാമ്ബത്തിക പ്രശ്നങ്ങള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുറത്തുപോയിരുന്ന ഇരുവരും രാത്രിയോടെയാണ് തിരിച്ചെത്തിയത്. ഇതേ സമയം ഇവരെ അന്വേഷിച്ച് ഷാഡോ പൊലീസ് എത്തിയിരുന്നു. പൊലീസ് താഴെ നിലയിലുള്ള വീട്ടുകാരെ ഐഡികാര്‍ഡ് കാണിച്ച് ദമ്ബതികളുടെ വിവരം ശേഖരിക്കുമ്ബോള്‍ മുകളില്‍നിന്ന് ശബ്ദം കേള്‍ക്കുകയും തീയാളുകയുമായിരുന്നു. ഉടന്‍ ചെങ്കല്‍ ചൂളയില്‍നിന്ന് രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീയണച്ച ശേഷമാണ് അടുക്കളയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ ദമ്ബതികളുടെ മൃതദേഹം കണ്ടത്. അടുക്കളയില്‍ മൂന്ന് സിലിണ്ടറുണ്ടായിരുന്നു.

രണ്ടുവര്‍ഷമായി മണ്ണന്തലയില്‍ സ്വകാര്യ ജോബ് കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തുകയായിരുന്നു ദമ്ബതികള്‍. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷകസംഘം ചേരാനല്ലൂര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. കൊല്ലത്തെ ബാങ്ക് ഉദ്യോഗസ്ഥനായ അന്‍വറിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ചെങ്കല്‍ചൂള ഫയര്സ്റ്റേഷന് ഓഫീസര്‍ സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുപത് മിനിട്ട് നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അസിസ്റ്റന്റ് കമീഷണര്‍ സുരേഷ്, സിഐ സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി.

