KOYILANDY DIARY

The Perfect News Portal

ദുരൂഹസാഹചര്യത്തിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ ഷാഹിദയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്

കുന്ദമംഗലം: ഒറ്റമുറി വീട്ടിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ കളരിക്കണ്ടി ഷാഹിദയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്ന് സാഹചര്യ തെളിവുകളിൽ നിന്ന് വ്യക്തമാക്കുന്നതായി അന്വേഷണ ചുമതലയുള്ള ചേവായൂർ സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ബിജു പറഞ്ഞു.
തിങ്കളാഴ്ച രാവിലെ വീട്ടിനുള്ളിൽ മരിച്ചനിലയിലാണ് ഷാഹിദ (34)യെ കണ്ടെത്തിയത്. വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

പടനിലം കളരിക്കണ്ടി റോഡിൽ ആലുംതോട്ടത്തിൽ നാല് സെന്റ് സ്ഥലത്തെ ഓടിട്ട ഒറ്റമുറി വീട്ടിലാണ് ഷാഹിദയും ഒന്നര വയസ്സ് മാത്രം പ്രായമുള്ള മകളും താമസിച്ചിരുന്നത്. ഇടക്കിടെ കാറിൽ വരാറുണ്ടായിരുന്ന അംഗപരിമിതനായ ഭർത്താവ് മുഹമ്മദ് ബഷീറിനെക്കുറിച്ച് അയൽക്ക‌ാർക്കോ ബന്ധുക്കൾക്കൊ വലിയ വിവരമില്ല.

ഷാഹിദകൊല്ലപ്പെടുന്നതിന് തലേ ദിവസം ഇയാൾ ഷാഹിദയോടൊപ്പം വീട്ടിലുണ്ടായിരുന്നതായി അയൽക്കാരും ബന്ധുക്കളും പറയുന്നു. കൊല നടത്തിയത് ഭർത്താവ് മുഹമ്മദ് ബഷീർ തന്നെയായിരിക്കുമെന്നാണ് ഷാഹിദയുടെ സഹോദരൻ സിറാജുദ്ദീൻ ഉറപ്പിച്ച് പറയുന്നത്. ഇതിന് മുമ്പും ഇയാൾ ഷാഹിദയെ ഉപദ്രവിക്കാറുണ്ടായിരുന്നത്രേ.

Advertisements

ഷാഹിദയുടെ ഒന്നര വയസ്സുകാരി മകളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഉമ്മയെ കൊലപ്പെടുത്തിയ ആൾ മകളെയും കൊലചെയ്തിരിക്കുമോ എന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിന് മുൻവശത്തെ പറമ്പിലെ പുതിയ മൺകൂന ആഴത്തിൽ പൊലീസ് കിളച്ച് നോക്കി. തൊട്ടടുത്ത പറമ്പുകളും കിണറുകളും പൊലീസ് പരിശോധിച്ചുവരികയാണ്. ഷാഹിദയുടെ ഭർത്താവ് മുഹമ്മദ് ബഷീറുമായി ഫോണിൽ ബന്ധപ്പെടാനും ബന്ധുക്കൾക്ക് കഴിഞ്ഞിട്ടില്ല.

ഇയാൾക്ക് ഒൻപതോളം ഫോണുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ഷാഹിദ കൊല്ലപ്പെടുന്നതിന് നാല് ദിവസം മുമ്പ് ഇയാൾ ഷാഹിദയുടെ ഫോൺ കൈക്കലാക്കിയിരുന്നത്രേ. എം.കെ.രാഘവൻ എം.പി, തഹസിൽദാർ സുബ്രഹ്മണ്യൻ, സിറ്റി പോലീസ് കമ്മീഷണർ ജയനാഥ്, വി.വിനീത് (ഫോറൻസിക് സൈന്റിഫിക് ഓഫീസർ), കരീം.വി.പി.(ഫിംഗർ പ്രിന്റ്), സി.ഐ.കെ.കെ.ബിജു എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഷാഹിദയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ കളരിക്കണ്ടി ജുമാ മസ്ജിദിൽ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *