ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

ശബരിമല: നടന്‍ ദിലീപ് ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ ശബരിമലയില്‍ ദര്‍ശനം നടത്തി. വി.ഐ.പി പരിഗണനയോ, പൊലീസ് സുരക്ഷയോ ഇല്ലാതെയായിരുന്നു ദിലീപ് സന്നിധാനത്ത് എത്തിയത്. നാലു സുഹൃത്തുക്കളോടൊപ്പം എത്തിയ അദ്ദേഹം രണ്ടു മണിക്കൂറോളം സന്നിധാനത്ത് ചെലവഴിച്ചു.
തന്ത്രിയെയും ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെയും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. ഇരുമുടിക്കെട്ട് ഇല്ലാതെയാണ് വന്നത്. അതിനാല്‍ പതിനെട്ടാം പടി കയറാതെ മറുവഴിയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം ആലുവയിലെ വീട്ടില്‍ നിന്നാണ് ദിലീപും സംഘവും ശബരിമലയ്ക്കു യാത്ര തിരിച്ചത്.

പുലര്‍ച്ചെ പമ്ബയിലെത്തിയ ശേഷം ഇവിടെ നിന്നു മലകയറി സ്വാമി അയ്യപ്പന്‍ റോഡുവഴി സന്നിധാനത്ത് എത്തുകയായിരുന്നു. സന്നിധാനത്തെത്തിയ ദിലീപ് സോപാനത്ത് എത്തി ഭഗവാനെ തൊഴുത ശേഷം നെയ്യഭിഷേകം നടത്തി. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ.എസ്. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങി. മാളികപ്പുറത്ത് എത്തിയ ദിലീപ് ദേവീക്ഷേത്രത്തിലും മണിമണ്ഡപത്തിലും നവഗ്രഹ നടയിലും ദര്‍ശനം നടത്തി.

