KOYILANDY DIARY.COM

The Perfect News Portal

ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പൊലീസ്. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനാണെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.

പൊലീസ് പിടികൂടിയാല്‍ മൂന്നു കോടി നല്‍കാമെന്നും സുനിക്ക് ദിലീപ് ഉറപ്പുനല്‍കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

കേസിലെ ഒരു നിര്‍ണായക സാക്ഷിയെയാണ് സ്വാധീനിക്കാന്‍ ശ്രമം നടന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരാണ് ഇതിനു പിന്നില്‍ എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അതേസമയം, ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി പറയാന്‍ മാറ്റി.

Advertisements

ഒന്നര മണിക്കൂര്‍ നീണ്ട പ്രതിഭാഗത്തിന്റെ വാദത്തിന് ശേഷമാണ് ഇന്ന് പ്രോസിക്യൂഷന്റെ വാദം നടന്നത്. കേസില്‍ അന്വേഷണ വിവരങ്ങളൊന്നും പൊലീസ് അറിയിക്കുന്നില്ലെന്നായിരുന്നു ദിലീപിന്റെ പരാതി. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരു വിവരവും ഉള്‍പ്പെടുത്തുന്നില്ല. തനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അറിയേണ്ടത് പ്രതിയുടെ അവകാശമാണെന്നും അഡ്വ. ബി രാമന്‍പിളള വാദിച്ചു.

ക്രിമിനല്‍ പശ്ചാത്തലമുളള പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസന്വേഷണം നീങ്ങുന്നതെന്നും ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരേ തെളിവില്ലെന്നും സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

ഈ വാദങ്ങളെ ഖണ്ഡിക്കുന്ന പ്രതിവാദങ്ങളാകും ഇന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നടത്തുക. മാത്രമല്ല, കേസിന്റെ അന്വേഷണ പുരോഗതിയും പ്രോസിക്യൂഷന്‍ അറിയിക്കും. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് അന്വേഷണസംഘം.

അടുത്തയാഴ്ച അനുബന്ധകുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ, വിചാരണത്തടവുകാരനായി ദിലീപ് മാറേണ്ടി വരുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയിലെ മൂന്നാമത്തെ ഹര്‍ജിയും ദിലീപിന് നിര്‍ണായകമാണ്.

അതിനിടെ, റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഇന്ന് ഹാജരാക്കും. കഴിഞ്ഞ ദിവസം സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. ഈ സാഹചര്യത്തില്‍ സുനിയുടെ റിമാന്‍ഡ് നീട്ടുക എന്ന സാങ്കേതിക നടപടി മാത്രമാകും അങ്കമാലി കോടതിയില്‍ നടക്കുക.

Share news

Leave a Reply

Your email address will not be published. Required fields are marked *