KOYILANDY DIARY

The Perfect News Portal

ദാമു കാഞ്ഞിലശ്ശേരി പ്രഥമ പുരസ്കാരം അരങ്ങാടത്ത് വിജയന്

ചേമഞ്ചേരി: പ്രശസ്ത നാടകനടനും സംവിധായകനും കലാസാംസ്കാരിക പ്രവത്തകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ ഒന്നാം ചരമവാർഷികം 2019 ഫിബ്രവരി 7 ന് വ്യാഴാഴ്ച  വൈകീട്ട് 4 മണിക്ക് പൂക്കാട് കലാലയം ആരഭി ആഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. പൂക്കാട് കലാലയം, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് യൂണിയൻ , അഭയം ചേമഞ്ചേരി, നന്മ, തുവ്വക്കോട് എൽ.പി സ്കൂൾ, സീനിയർ സിറ്റിസൺ ഫോറം എന്നീ സംഘടനകൾ ചേർന്ന് രൂപീകരിച്ച അനുസ്മരണ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ.
അരനൂറ്റാണ്ടിലേറെയായി നാടകവേദിയിൽ നിറഞ്ഞു നിൽക്കുന്ന പ്രശസ്ത നാടക നടൻ അരങ്ങാടത്ത് വിജയന് പ്രഥമ ദാമു കാഞ്ഞിലശ്ശേരി പുരസ്കാരം ചടങ്ങിൽവെച്ച് സമർപ്പിക്കും. അഭയം സ്പെഷ്യൽ സ്കൂളിലെ കലാപ്രതിഭ അബ്ദുള്ള സഫ് വാന് ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ ഉപഹാരം സമ്മാനിക്കും. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. യു.കെ. രാഘവൻ അനുസ്മരണഭാഷണവും നന്മ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തലും നടത്തും.
പൂക്കാട് കലാലയം പ്രസിഡണ്ട് ശിവദാസ് ചേമഞ്ചേരി പ്രശസ്തിപത്രവും കെ.എസ്.എസ്.പി.യു. ബ്ലോക്ക് സെക്രട്ടറി ടി.പി. രാഘവൻ കേഷ് അവാർഡും സമർപ്പിക്കും. അഭയം കലാപ്രതിഭക്കുള്ള ഉപഹാരം പൂക്കാട് കലാലയം ജനറൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ സമ്മാനിക്കും.
അനുസ്മരണ സമ്മേളനത്തിൽ കെ. ഭാസ്കരൻ , ഇ. ഗംഗാധരൻ നായർ, എം.സി. മമ്മദ് കോയ, കെ. ശ്രീനിവാസൻ , സി. അജയൻ, ശങ്കരൻ അവിണേരി , വാസു കുനിയിൽ, എൻ.വി.സദാനന്ദൻ, മാടഞ്ചേരി സത്യനാഥൻ, എൻ.കെ.കെ. മാരാർ, കെ.രാജഗോപാലൻ എന്നിവർ സംസാരിക്കും. തുടർന്ന് പൂക്കാട് കലാലയം നാടക ഗാനസന്ധ്യ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *