KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ രണ്ടര വർഷത്തിനിടയിൽ അനുമതിയായത് 5 റെയില്‍വെ മേല്‍പ്പാലങ്ങള്‍

കൊയിലാണ്ടി:  എല്‍.ഡി.എഫ് ഗവര്‍മെന്റിന്റെ കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണത്തിനിടക്ക് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ അനുമതിയായത് 5 റെയില്‍വെ മേല്‍പ്പാലങ്ങള്‍ക്ക്.  ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 2019-20 വര്‍ഷത്തേക്കുള്ള ബജറ്റില്‍ അനുവദിച്ച തിക്കോടി റെയില്‍വെ മേല്‍പ്പാലം.  ഈ സര്‍ക്കാരിന്റെ തന്നെ കഴിഞ്ഞ ബജറ്റിലാണ് ഇരിങ്ങല്‍ കോട്ടക്കല്‍ റെയില്‍വെ മേല്‍പ്പാലത്തിന് അനുമതിയായത്.  

ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 2,80,000/-രൂപ അനുവദിച്ചിരുന്നു. അലൈന്‍മെന്റും ഡിസൈനിംഗും പൊതുമരാമത്ത് റോഡ്സ് ആന്റ് ബ്രിഡ്ജസ് വിഭാഗം പൂര്‍ത്തിയായിക്കഴിഞ്ഞു.  എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. ഏകദേശം 28 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക കണക്കാക്കുന്നത്.  ഈ മേല്‍പ്പാലത്തിന്റെ റെയില്‍വെ ട്രാക്കിന്റെ ഭാഗത്ത് വരുന്ന സ്പാനുകളുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് റെയില്‍വെ ആവശ്യപ്പെട്ട തുക അനുവദിച്ചു നല്‍കുന്നതിനായി പ്രൊപ്പോസല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. ഉടന്‍ തന്നെ ഇതിന് അനുമതി ലഭിക്കുന്നതാണ്.   ഈ അനുമതി കൂടി ലഭ്യമായി  റെയില്‍വെ തയ്യാറാക്കുന്ന പ്ലാനിനും എസ്റ്റിമേറ്റിനും കൂടി അംഗീകാരം ലഭിക്കുന്നതോടെ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടിക്രമങ്ങളിലേക്ക് കടക്കാവുന്നതാണ്. 

കേരളത്തില്‍ പുതുതായി പണിയാന്‍ പോകുന്ന 40 ല്‍ അധികം വരുന്ന റെയില്‍വെ മേല്‍പ്പാലങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് മറ്റ് മൂന്ന് മേല്‍പ്പാലങ്ങളായ കൊല്ലം- നെല്ല്യാടി റെയില്‍വെ മേല്‍പ്പാലം, ആനക്കുളം- മുചുകുന്ന് റെയില്‍വെ മേല്‍പ്പാലം, പയ്യോളി(രണ്ടാംഗേറ്റ്)- ബീച്ച് റോഡ് മേല്‍പ്പാലം എന്നിവക്ക്  കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.  ഈ പാലങ്ങളുടെ നിര്‍മ്മാണ  പ്രവൃത്തികള്‍ക്കായി വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനെയാണ് ചുമതലപ്പെടുത്തിയത്.  ഈ മൂന്ന് മേല്‍പ്പാലങ്ങളുടെയും അലൈന്‍മെന്റും ഡിസൈനും ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഭാഗം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.  

Advertisements

ഭൂമി ഏറ്റെടുക്കാനുള്ള തുക കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള എസ്റ്റിമേറ്റ് തയ്യറാക്കി കൊണ്ടിരിക്കുന്നത് അവസാന ഘട്ടത്തിലാണ്.  പ്രാഥമികമായി കണക്കാക്കിയ എസ്റ്റിമേറ്റ്  പ്രകാരം കൊല്ലം  നെല്ല്യാടി  37 കോടി, ആനക്കുളം-മുചുകുന്ന് -50 കോടി, പയ്യോളി രണ്ടാം ഗേറ്റ്  ബീച്ച് 33 കോടി എന്നിങ്ങനെയാണ്.  ഇത്തരത്തില്‍ വികസനത്തിന്റെ കാര്യത്തില്‍ മറ്റൊരു കാലയളവിലും ലഭിക്കാത്ത സമാനതകളില്ലാത്ത പരിഗണനയാണ്  കൊയിലാണ്ടി മണ്ഡലത്തിന് ഈ കഴിഞ്ഞ രണ്ടര വര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് കെ. ദാസൻ എം.എൽ.എ. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *