KOYILANDY DIARY

The Perfect News Portal

ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസ്‌: ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി

പേരാമ്പ്ര: ഞാണിയത്ത് തെരുവിലെ ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിക്കുന്നത് വടകര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി. പ്രതി കൂനേരിക്കുന്നുമ്മല്‍ ചന്ദ്രന്‍ (51) കുറ്റക്കാരനാണെന്ന് കോടതി ബുധനാഴ്ച വിധിച്ചിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രായം കണക്കിലെടുത്തും ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നത് പരിഗണിച്ചും ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ അഭ്യര്‍ഥന.

ഞാണിയത്ത് തെരുവിലെ വട്ടക്കണ്ടി മീത്തല്‍ ഇളചെട്ടിയാന്‍ ബാലന്‍ (62), ഭാര്യ ശാന്ത (58) എന്നിവര്‍ 2015 ജൂലൈ ഒമ്പതിന് രാത്രിയിലാണ് വീട്ടിനുള്ളില്‍ വെട്ടേറ്റുമരിച്ചത്. ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസിയായ അജില്‍ സന്തോഷിനും വെട്ടേറ്റിരുന്നു. അജിലിന്റെ മൊഴിയാണ് അന്വേഷണം ചന്ദ്രനിലെത്തിച്ചത്. ബാലനോട് പണം കടം ചോദിച്ചെത്തിയ ചന്ദ്രന്‍ പിന്നാലെ പോയി പിറകില്‍നിന്ന് കഴുത്തിന് വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യ ശാന്തയെയും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഗൃഹനാഥനെയും നിസ്സഹായയായ സ്ത്രീയെയും വെട്ടിക്കൊല്ലുകയും പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ഥിയെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം അപൂര്‍വത്തില്‍ അപൂര്‍വമാണെന്നും അതിനാല്‍ പരമാവധി ശിക്ഷതന്നെ നല്‍കണമെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. ജീവപര്യന്തം ഒരിക്കലും ഒരു ശിക്ഷയാകില്ല.

കര്‍ണാടകയില്‍ 2012-ല്‍ നടന്ന സമാനമായ സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ നല്‍കിയ സുപ്രീംകോടതി വിധി ഉള്‍പ്പെടെയുള്ളവ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളുമെല്ലാം ഇയാള്‍ക്കെതിരാണ്. എന്നാല്‍ ഈ കേസ് അപൂര്‍വമല്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിക്ക് 51 വയസായി. ഭാര്യയും രണ്ടുമക്കളുമുണ്ട്.മറ്റു കേസുകളൊന്നും ഇയാളുടെ പേരിലില്ള. ഇതൊക്കെ കണക്കിലെടുത്ത് ഏറ്റവും ചെറിയ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് ചന്ദ്രനോട് കോടതി ചോദിച്ചപ്പോള്‍ ഷുഗറും പ്രഷറുമുണ്ട്, പ്രായം 51 ആയി എന്നായിരുന്നു മറുപടി. റിമാന്‍ഡ് കാലാവധി ശിക്ഷാകാലയളവായി കണക്കാക്കണമെന്നും അഭ്യര്‍ഥിച്ചു. ശിക്ഷാവിധി പ്രഖ്യാപനം കേള്‍ക്കാന്‍ ബാലന്റെയും ശാന്തയുടെയും ബന്ധുക്കള്‍ ഉള്‍പ്പെടെ പേരാമ്ബ്രയില്‍നിന്ന് ഒട്ടേറേപേര്‍ കോടതിയില്‍ എത്തിയിരുന്നു.

Advertisements

നിര്‍ണായകമായത് തലമുടി

ഇരട്ടക്കൊലപാതകക്കേസില്‍ നിര്‍ണായകമായത് ചന്ദ്രന്റെ തലമുടിയുടെ ഡി.എന്‍.എ. പരിശോധനാഫലം. കൊല്ലപ്പെട്ട ബാലന്റെ കൈയില്‍ നിന്ന് 30 മുടിയിഴകള്‍ പോലീസ് കണ്ടെത്തിയിരുന്നു.ഇത് പരിശോധിച്ചപ്പോള്‍ ഇതില്‍ 23 എണ്ണവും ചന്ദ്രന്റേതാണെന്ന് വ്യക്തമായി. കൊലപാതകത്തില്‍ ചന്ദ്രന്റെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ ഇതോടെ പ്രോസിക്യൂഷനായി.

ചന്ദ്രന്റെ വസ്ത്രത്തില്‍ കണ്ടെത്തിയ രക്തക്കറ ബാലന്റെയും ശാന്തയുടെതുമാണെന്നും തെളിയിക്കാനായി. വെട്ടാന്‍ ഉപയോഗിച്ച ആയുധത്തിലും ഇവരുടെ രക്തമുണ്ടായിരുന്നു.കൂടാതെ ആയുധത്തില്‍നിന്ന് ചന്ദ്രന്റെ വിരലടയാളവും കിട്ടി. കൊലയ്ക്ക് ശേഷം ചന്ദ്രന്‍ ശാന്തയുടെ സ്വര്‍ണമാല പറിച്ചെടുത്തപ്പോള്‍ മാലയുടെ കൊളുത്ത് ശരീരത്തില്‍ കുരുങ്ങി പൊട്ടിയിരുന്നു. പൊട്ടിയതിന്റെ ബാക്കിഭാഗം ചന്ദ്രനില്‍നിന്ന് കണ്ടെത്തി. 51 സാക്ഷികളെ കേസില്‍ വിസ്തരിച്ചിരുന്നു. 96 തെളിവുകളും ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *