തെരുവിൽ അലയുന്ന നായകൾക്ക് ഭക്ഷണവുമായി സുരേന്ദ്രൻ
വിശന്നു വലയുന്ന തെരുവ് നായകൾ സുരേന്ദ്രൻ വരുന്നതും കാത്തിരിക്കും.. കൊയിലാണ്ടി: തെരുവിൽ അലയുന്ന നായകൾക്ക് ഭക്ഷണം നൽകി മാതൃകയാകുകയാണ് താലൂക്കാശുപത്രി ജീവനക്കാരൻ സുരേന്ദ്രൻ.. താലൂക്ക് ആശുപത്രിയിലെ ഗ്രേഡ്-2 ജീവനക്കാരനാണ് സുരേന്ദ്രൻ. ആശുപത്രി പരിസരങ്ങളിൽ അലഞ്ഞ് തിരിയുന്ന നായകൾക്ക് ബിസ്ക്കറ്റും വെള്ളവും വാങ്ങി നല്കുന്നത് ഏറെ വർഷങ്ങളായി തുടരുന്നു. മുടങ്ങാതെ ആശുപത്രി പരിസരത്തെത്തുന്ന നായകൾ സുരേന്ദ്രൻ വരുന്നത് കാത്തിരിക്കുന്നതും പതിവാണ്.

ഇത്തവണ അദ്ദേഹം വിഷു ദിനത്തിലും ആശുപത്രി പരിസരത്തെത്തി നായകൾക്ക് ഭക്ഷണം നൽകുന്ന ദൗത്യം നിർവ്വഹിക്കുന്നിതിനിടയിൽ കൊയിലാണ്ടിയിലെ സീനിയർ ഫോട്ടോ ഗ്രാഫർ ബൈജു എപീസ് ദൃശ്യം ക്യാമറയിൽ ഒപ്പിയെടുക്കുകയായിരുന്നു. ആശുപത്രിയിലെത്തുന്ന അപകട കേസുകളിലെല്ലാം ഓടിയെത്തുന്ന സുരേന്ദ്രൻ വീട്ടിലെ ഒരു അംഗത്തെപ്പോലെ ഇവരോടൊപ്പം എല്ലാ സഹായങ്ങളുമായി മണിക്കൂറുകൾ ചിലവഴിക്കുന്നതും ശ്രദ്ധേയമാണ്. ഒറ്റപ്പെട്ടവര്ക്ക് ഇത് വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്. ഒപ്പം സുരേന്ദ്രന് ലഭിക്കുന്നത് വലിയ സംതൃപ്തിയും. സുരേന്ദ്രൻ നടത്തുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനത്തിന് സഹപ്രവർത്തകരും മികച്ച പിന്തുണയാണ് നൽകുന്നത്.


