KOYILANDY DIARY

The Perfect News Portal

തെരുവിന്റെ മക്കൾക്ക് അന്തിയുറങ്ങാൻ അഭയ കേന്ദ്രം ഒരുങ്ങുന്നു

മുക്കം: മുക്കത്ത് തെരുവിന്റെ മക്കൾ ഇനി മഴയും മഞ്ഞുമേറ്റ് കടത്തിണ്ണകളിൽ അന്തിയുറങ്ങേണ്ടി വരില്ല. മുക്കം നഗരത്തിൽ അത്തരത്തിലുള്ളവരെ കണ്ടെത്തി അവർക്ക് അഭയ കേന്ദ്രം നിർമിച്ച് അധിവസിപ്പിക്കുന്ന പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചു. ഒരു കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. ആദ്യപടിയായി നഗരസഭാ അധികൃതർ ഇറങ്ങി തെരുവിലുറങ്ങുന്നവരെ കണ്ടെത്തുകയായിരുന്നു. അധിവസിപ്പിക്കാൻ അർഹരായ 22 പേരെ ഇങ്ങനെ കണ്ടെത്തി. അഞ്ചു വയസ്സുകാരി മുതൽ 75 വയസ്സുള്ള മുത്തശ്ശി വരെ ഇക്കൂട്ടത്തിലുണ്ട്.

ഏറെ കാലമായി അങ്ങാടിയുടെ ഏതെങ്കിലും കോണിൽ മഞ്ഞും മഴയും ചൂടും തണുപ്പും ഇടിയും മിന്നലും സഹിച്ച് കഴിയുന്നവരാണധികവും. പാതിരാത്രിയിൽ കൂട്ടത്തോടെ എത്തിയ അധികൃതരെ കണ്ട് ആദ്യം അമ്പരന്ന തെരുവു വാസികൾ കാര്യം അറിഞ്ഞപ്പോൾ കാര്യങ്ങൾ തുറന്നു പറഞ്ഞു. മഴയത്ത് തണുത്തു വിറച്ച് കഴിയുന്നവർക്ക് അധികൃതർ പുതപ്പ് നൽകി ആശ്വസിപ്പിച്ചു.

രാത്രി 10 മണിക്കാരംഭിച്ച അന്വേഷണം 12 വരെ തുടർന്നു. നഗരസഭ ഡപ്യൂട്ടി ചെയർപേഴ്സൺ ഫരീദ മോയിൻകുട്ടി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ പി.പ്രശോഭ് കുമാർ, എൻ.ചന്ദ്രൻ, സെക്രട്ടറി എൻ.കെ.ഹരീഷ്, കൗൺസിലർമാരായ മുക്കം വിജയൻ, പി.ബ്രിജേഷ്, ബിന്ദു രാജൻ, ഹെൽത്ത് ഇൻസ്പക്ടർ പി.പി.സുരേഷ്, ജൂണിയർ ഹെൽത്ത് ഇൻസ്പക്ടർമാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *