KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരത്ത് സിറ്റി സര്‍വീസ് നടത്തുന്ന ബസുകളെല്ലാം ഓടിത്തുടങ്ങി

തിരുവനന്തപുരം: നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സ്വകാര്യബസുടമകള്‍ നടത്തിവരുന്ന അനിശ്ചിതകാല ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നു. ബസ് സമരം ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് ഗതാഗതമന്ത്രി എകെ ശശീന്ദ്രനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്നപരിഹാരം ഉണ്ടായില്ല. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, സമരവുമായി ബന്ധപ്പെട്ട് സ്വകാര്യബസുടമകള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. കോണ്‍ഫെഡറേഷന്റെ കീഴിലുള്ള അഞ്ച് സംഘടനകള്‍ ഇന്ന് തൃശൂരില്‍ യോഗം ചേരുന്നുണ്ട്. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല നിരാഹാരസമരത്തില്‍ നിന്ന് ബസുടമകള്‍ പിന്‍മാറി. തിരുവനന്തപുരത്ത് സിറ്റി സര്‍വീസ് നടത്തുന്ന ബസുകളെല്ലാം ഓടിത്തുടങ്ങി. എന്നാല്‍ സമരക്കാര്‍ക്കിടയില്‍ ഭിന്നതയില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. തലസ്ഥാനത്ത് പ്രത്യേകസാഹചര്യത്തില്‍ സര്‍വീസ് നടത്തുകയാണെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.

സമരം തുടരുന്ന പശ്ചാത്തലത്തില്‍ ബസുടമകള്‍ക്ക് മന്ത്രി എകെ ശശീന്ദ്രന്‍ താക്കീത് നല്‍കിയിട്ടുണ്ട്. സമരക്കാര്‍ക്കെതിരെ നിയമനടപടിക്ക് സര്‍ക്കാരിനെ നിര്‍ബന്ധിക്കരുതെന്ന് മന്ത്രി പറഞ്ഞു. സമരക്കാരെ നേരിടാന്‍ സര്‍ക്കാരിന് നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ബസുടമകളുമായി യുദ്ധപ്രഖ്യാപനത്തിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഉടമകളായിട്ട് അതിനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേണ്ടിവന്നാല്‍ ബസുകള്‍ പിടിച്ചെടുക്കുമെന്ന ധ്വനിയാണ് മന്ത്രി നല്‍കിയിരിക്കുന്നത്.

Advertisements

സമരം നാലാം ദിനത്തിലേക്ക് കടന്നതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്. കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും അത് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും പരിഹരിക്കുന്നതിന് പര്യാപ്തമല്ല. ഉള്‍പ്രദേശങ്ങളില്‍ സര്‍വീസ് എത്തിക്കുവാന്‍ കെഎസ്‌ആര്‍ടിസിക്ക് സാധിക്കുന്നില്ല. അതേസമയം, സ്വകാര്യ ബസ് സമരം കെഎസ്‌ആര്‍ടിസിക്ക് നേട്ടമായിട്ടുണ്ട്. നാലുദിവസങ്ങളിലും മികച്ച കളക്ഷനാണ് കെഎസ്‌ആര്‍ടിസി സ്വന്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *