KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂര്‍ കേരള ഫീഡ്‌സിന്റെ ഉദ്ഘാടനം നാളെ

കൊയിലാണ്ടി> തിരുവങ്ങൂരില്‍ നിര്‍മ്മിച്ച കേരള ഫീഡ്‌സിന്റെ ഹൈടെക്ക് ഫാക്ടറി 9ന് പകല്‍ 12ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാ മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസന്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തേ നാളികേര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലായിരുന്ന കോക്കനട്ട് കോംപ്ലക്‌സിലാണ് പുതിയ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കുന്നത്. നാളികേര വികസന കോര്‍പ്പറേഷന്റെ തിരുവങ്ങൂരിലെ സ്ഥലം ബാങ്ക് ജപ്തി ചെയ്യാന്‍ ഉത്തരവിട്ടപ്പോള്‍ 19.60 കോടി രൂപ ബാങ്കില്‍ അടച്ചാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ഥലം പൊതു മേഖലയില്‍ നിര്‍ത്തിയത്. 10.78 ഏക്കര്‍ സ്ഥലത്താണ് നിരവധി പേര്‍ക്ക് ജോലി ലഭ്യമാകുന്ന ഫാക്ടറി പ്രവര്‍ത്തനമാരംഭിക്കുന്നത്. 52.90 കോടി രൂപ ചെലവിട്ടാണ് ഫാക്ടറി യാഥാര്‍ത്ഥ്യമായത്. പ്രതിദിനം 300 മെട്രിക്ക് ടണ്‍ കാലിത്തീറ്റയും ആദ്യ ഘട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കും. എം.എല്‍.എ യുടെ ഇടപെടലിനെത്തുടര്‍ന്ന് 9 കോടി രൂപ ചെലവില്‍ ഹൈടെക്ക് വെജിറ്റബിള്‍ സംഭരണ കേന്ദ്രവും ആരംഭിക്കുമെന്ന് കൃഷി മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാനുളള കേന്ദ്രമായി ഫാക്ടറി ഉപയോഗപ്പെടുത്തണമെന്നും കെ.ദാസന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

Share news