KOYILANDY DIARY

The Perfect News Portal

തളർന്ന കൈകാലുകളുമായി നിഖിലിന്റെ സ്വപ്നവീട് യാഥാർത്ഥ്യമാക്കാൻ നാട്ടുകാരുടെ കൈത്താങ്ങ്‌

കൊയിലാണ്ടി: രോഗബാധയെത്തുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കീഴരിയൂര്‍ കോഴിത്തുമ്മല്‍ നിഖിലിന് താമസയോഗ്യമായ വീടുണ്ടാക്കാന്‍ സുമനസുകള്‍ കൈകോര്‍ക്കുന്നു.  നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം എച്ച്.എസ്.എസ് വിദ്യാര്‍ഥിയാണ് നിഖില്‍. നെല്ല്യാടി പുഴയോരത്ത് ഓലകൊണ്ടും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടും നിര്‍മിച്ച കൊച്ചു കൂരയിലാണ് നിഖിലും അച്ഛന്‍ ബാലനും അമ്മ പാര്‍വതിയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴാണ് നിഖില്‍ അപൂര്‍വ രോഗത്തിനടിമപ്പെടുന്നത്. ബാലനും രോഗബാധിതനായതോടെ ഭര്‍ത്താവിനെയും മകനെയും പരിചരിക്കേണ്ടതിനാല്‍ പാര്‍വതിക്ക്കൂലി പണിക്ക് പോകാന്‍ പോലും കഴിയുന്നില്ല. മഴക്കാലമായാല്‍ പുഴയോര ഭാഗത്തെ നിഖിലിന്റെ വീട്ടിലേക്ക് ചെന്നെത്താനും വലിയ  പ്രയാസമാണ്. ഈ ദുരവസ്ഥ മനസ്സിലാക്കി കീഴരിയൂര്‍ വാട്‌സ് ആപ്പ് കൂട്ടായ്മയും നാട്ടുകാരും ചേര്‍ന്ന് വീടിനായൊരു സ്ഥലം തൊട്ടടുത്ത പ്രദേശത്തു തന്നെ വാങ്ങി നല്‍കി. ഇവിടെയാണ് നിഖിലിന് വീട് നിര്‍മിക്കുന്നത്.  ഉദാരമതികളുടെ സഹായം ഉണ്ടെങ്കിലെ മഴയെത്തുംമുമ്പ് വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളു. സ്‌കൂള്‍ പി.ടി.എയും എന്‍.എസ്.എസ് യൂനിറ്റും ഇതിനായി രംഗത്തിറങ്ങി കഴിഞ്ഞു. കീഴരിയൂര്‍ ഗ്രാമ പ്പഞ്ചായത്തിന്റെ സാമ്പത്തിക സഹായവും വീട് നിര്‍മാണത്തിന് ലഭിക്കുമെന്നാണ് അറിയുന്നത്. മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ ഒരു പക്ഷേ നിഖിലിന് പഴയപോലെ നടക്കാനാവും. സ്‌കൂളില്‍ പോയി മറ്റു കുട്ടികളെ പോലെ പഠിക്കാനാകും നന്മയുടെ ഉറവ വറ്റാത്ത മനസ്സുകള്‍ ഒന്നിച്ചാല്‍ ഇതോക്കെ സാധ്യമാകും.