KOYILANDY DIARY

The Perfect News Portal

തപാലോഫീസുകളില്‍ ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കി നല്‍കുന്നു

കോഴിക്കോട്: തപാലോഫീസുകളില്‍ ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കി നല്‍കുന്ന സേവനത്തിന് തുടക്കമായി. കോഴിക്കോട് ഹെഡ് പോസ്റ്റോഫീസില്‍ മേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ കേണല്‍ എസ്.എഫ്.എച്ച്‌. റിസ്വി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍, തലശ്ശേരി, വടകര, തിരൂര്‍, ഒറ്റപ്പാലം, പാലക്കാട്, കാസര്‍കോട്, മഞ്ചേരി ഹെഡ് പോസ്റ്റോഫീസുകളിലും സേവനം നല്‍കിത്തുടങ്ങി. യു.ഐ.ഡി.എ.ഐ.യുടെ സഹകരണത്തോടെ ഇവിടങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

വടക്കന്‍മേഖലയിലെ 504 പോസ്റ്റോഫീസുകളിലും ഘട്ടംഘട്ടമായി ആധാര്‍ തിരുത്തല്‍/പുതുക്കല്‍ സേവനങ്ങള്‍ നിലവില്‍വരും. 25 രൂപയാണ് സേവനനിരക്ക്. കളര്‍ പ്രിന്റ് ഔട്ടിന് 20 രൂപയും ബ്ലാക്ക് ആന്‍ഡ് വൈറ്റിന് 10 രൂപയുമാണ് ഫീസ്.

Advertisements

തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയവയോ, വിരലടയാളമോ നല്‍കി തിരുത്തല്‍ വരുത്താം. തെളിവ് ആവശ്യമുള്ള തിരുത്തല്‍ ആണെങ്കില്‍, നിശ്ചിതരേഖ ഹാജരാക്കണം. വിലാസം മാറാന്‍ വില്ലേജ് അല്ലെങ്കില്‍ കോര്‍പ്പറേഷന്‍ അധികാരികളില്‍നിന്നുള്ള സാക്ഷ്യപത്രവും വിവാഹവിവരം ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മൊബൈല്‍ നമ്പര്‍ മാറ്റിച്ചേര്‍ക്കാന്‍ പുതിയ നമ്പര്‍ നല്‍കിയാല്‍ മതി.

ഉദ്ഘാടനച്ചടങ്ങില്‍ കേണല്‍ എസ്.എഫ്.എച്ച്‌. റിസ്വി ആദ്യ അപേക്ഷ സ്വീകരിച്ചു. അസി. ഡയറക്ടര്‍ മിനി രാജന്‍ സ്വാഗതം പറഞ്ഞു. യു.ഐ.ഡി.എ.ഐ. അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ സുരേന്ദ്ര ബാബു, സീനിയര്‍ പോസ്റ്റ്മാസ്റ്റര്‍ പ്രേംലാല്‍, കോഴിക്കോട് തപാല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് എ. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ആധാര്‍കാര്‍ഡുകള്‍ ലഭിക്കും. പുതിയ ആധാര്‍കാര്‍ഡുകള്‍ നല്‍കുന്ന സേവനവും തിരഞ്ഞെടുക്കപ്പെട്ട ഹെഡ് പോസ്റ്റോഫീസുകളില്‍ തുടങ്ങും. കോഴിക്കോട്, കാസര്‍കോട്, മഞ്ചേരി ഹെഡ് പോസ്റ്റോഫീസുകളിലാണ് നിലവില്‍ വരിക. വിരലടയാളം എടുക്കുന്നതിനുള്ള ഉപകരണം രണ്ടാഴ്ചയ്ക്കകം എത്തുമെന്ന് കോഴിക്കോട് ഹെഡ് പോസ്റ്റോഫീസ് എ.ഡി. മിനി രാജന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *