ഡിസ്ചാര്‍ജ് ബില്ലായി നാണയത്തുട്ടുകള്‍ കിഴിയായി നല്കി പൂജാരിയുടെ പ്രതിഷേധം

തൃശൂര്‍: ഡിസ്ചാര്‍ജ് ബില്ലായി 1000 രൂപ നല്കിയപ്പോള് ആശുപത്രി അധികൃതര്‍ വാങ്ങിയില്ല. ഒടുവില്‍ നാണയക്കിഴി നല്കി പൂജാരിയുടെ പ്രതിഷേധം. തൃശൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ചികിത്സയിലായിരുന്ന പൂജാരിയെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. 1200 രൂപയാണ് ഡിസ്ചാര്‍ജ് ബില്ല. എന്നാല്‍ ആയിരത്തിന്റെ നോട്ടുമായി ബില്ല് അടയ്ക്കാനെത്തിയ പൂജാരിയോട് പണം സ്വീകരിക്കാന്‍ കഴിയില്ലെന്നു ആശുപത്രി അധികൃതര്‍ തറപ്പിച്ചു പറഞ്ഞു. ഇതോടെ പൂജാരി തന്റെ പ്രതിഷേധമറിയിക്കാന്‍ നേരെ വീട്ടിലെത്തി ദക്ഷിണയായി ലഭിച്ച നാണയത്തുട്ടുകള്‍ കിഴിയായി കെട്ടി 1200 രൂപ തികച്ച് ആശുപത്രിയിലെത്തി കിഴി കാഷ് കൗണ്ടറിനു മുന്നില്‍ വച്ചു.
എന്നാല്‍ തിരക്കിനിടെ 1200 രൂപയുടെ നാണയങ്ങള്‍ കണ്ടപ്പോള്‍ ജീവനക്കാര്‍ അമ്പരന്നുപോയി. നാണയങ്ങള്‍ സ്വീകരിക്കാനും കഴിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതോടെ വാക്കേറ്റം ഉണ്ടാവുകയും ഒടുവില്‍ പിന്നീടു പണമെത്തിച്ചാല്‍ മതിയെന്നു പറഞ്ഞു തിരിച്ചയക്കുകയും ചെയ്തു.

