ഡിവൈഎഫ്ഐ നേതാവിനെ കള്ളക്കേസില്‍ ജയിലില്‍ അടച്ചതില്‍ വ്യാപക പ്രതിഷേധം

വടകര: കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തില്‍ ഡിവൈഎഫ്ഐ നേതാവിനെ കള്ളക്കേസില്‍ ജയിലില്‍ അടച്ചതില്‍ വ്യാപക പ്രതിഷേധം. നടക്കുതാഴ വില്ലേജ് സെക്രട്ടറി വി വിവേകിനെയാണ് റിമാന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് നേതാവിനെ യുവതിയോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ പ്രതിപ്പട്ടികയില്‍ പോലും ഇല്ലാത്ത യുവാവിനെയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച നാരായണനഗരം ഗ്രൌണ്ടില്‍ ആരംഭിക്കുന്ന അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റിന്റെ ജനറല്‍ കണ്‍വീനറായ വിവേക് പരിപാടിയുടെ മൈക്ക് പെര്‍മിഷന്‍ വാങ്ങാന്‍ ഡിവൈഎസ്പി ഓഫസിലെത്തി തിരിച്ചുവരുമ്പോഴായിരുന്നു അറസ്റ്റ്. വിവിധ ആവശ്യങ്ങളുമായി വെള്ളിയാഴ്ച വൈകിട്ടുവരെ പൊലീസ് സ്റ്റേഷനില്‍ വിവേക് ഉണ്ടായിരുന്നു. അതുവരെ പ്രതിപ്പട്ടികയില്‍പെടാത്ത വിവേകിനെ കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ ഭരണാനുകൂല പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റിന്റെ മുഖ്യസംഘാടകനായ വിവേകിനെ റിമാന്‍ഡ് ചെയ്ത് പരിപാടി തടസ്സപ്പെടുത്താന്‍ നേരത്തെ ചില കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.
നിസ്സാര വകുപ്പുകളില്‍ കേസെടുത്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ അര്‍ധരാത്രിയിലടക്കം പൊലീസ് റെയ്ഡിനെത്തിയിരുന്നു. എന്നാല്‍ പൊലീസിനെ ആക്രമിച്ച യുഡിഎഫുകാരെ അറസ്റ്റ് ചെയ്യാത്ത സംഭവത്തില്‍ പൊലീസുകാര്‍ക്കിടയിലും പ്രതിഷേധമുണ്ട്.
