ഡല്‍ഹിയിലെത്തിയ പിണറായി വിജയന് ഉജ്ജ്വല സ്വീകരണം
ന്യൂഡല്‍ഹി> മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ പിണറായി വിജയന് വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ഡല്‍ഹിയിലെ മലയാളി സംഘടനകളും പാര്‍ടി പ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഇങ്കിലാബ് സിന്ദാബാദ്… അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍… ലാല്‍സലാം..ലാല്‍സലം വിളികളോടെ ചുവന്ന ഹാരമണിയിച്ചാണ് പിണറായിയെ വരവേറ്റത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി എന്നിവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.
വിമാനത്താവളത്തില്‍നിന്ന് നേരെ കേരള ഹൌസിലേക്ക് പോയ പിണറായിക്ക് അവിടെയും വന്‍ വരവേല്‍പ്പാണ് ഒരുക്കിയിരുന്നത്. ഉച്ചക്ക് 12ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുമായി തുടര്‍ന്ന് 12.30ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായും പിണറായി കൂടികാഴ്ച നടത്തി. വൈകീട്ട് 4.10ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും കൂടികാഴ്ച നടത്തും. വൈകീട്ട് ആറിനാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായുള്ള കൂടികാഴ്ച.

കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള കേരള കേഡര്‍ ഐഎഎസുകാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. സിപിഐ എം ഡല്‍ഹി ഘടകം, ജനസംസ്കൃതി ഉള്‍പ്പെടെയുള്ള സംഘടനകള്‍, കേരള ഹൌസ് ജീവനക്കാര്‍ തുടങ്ങിയവരാണ് സ്വീകരണ പരിപാടികള്‍ ഒരുക്കിയത്.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പിണറായി പങ്കെടുക്കും.

