ജോലി വാഗ്ദാനം ചെയ്ത ദന്പതികള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത ദന്പതികള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ മട്ടന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എടയന്നൂര്‍ നിരിപ്പോട്ട് കരിയിലെ വിസ്ന നിവാസില്‍ എ.ടി.വിനീതിന്റെ പരാതി പ്രകാരം പുനല്ലൂര് മണിയാറിലെ രജി മനോഹരന്, ഭാര്യ കൊല്ലം കടമ്ബനാട്ടെ അര്‍ച്ചന രജി എന്നിവരെ പ്രതിചേര്‍ത്താണ് മട്ടന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിമാനത്താവളത്തില്‍ ജൂണിയര്‍ എക്സിക്യൂട്ടീവ്, സീനിയര്‍ എക്സിക്യൂട്ടീവ് എന്നീ തസ്തികളിലേക്ക് നിയമിക്കാമെന്നു പറഞ്ഞാണ് 15,50,000 രൂപ തട്ടിയെടുത്തത്. ഹിന്‍ഡ് വെയര്‍ കമ്ബനിയുടെ ഓള് കേരള സര്‍വീസ് ഹെഡായിരുന്നു രജിമനോഹരന്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് പ്രതി പരാതിക്കാരനെ പരിചയപ്പെടുന്നത്.
വിമാനത്താവളത്തിന് ഷെയര്‍ ഉണ്ടെന്ന് പറഞ്ഞ് പ്രതികള്‍ 2017 മെയ് മാസം മട്ടന്നൂരിലെത്തിയ രജി തനിക്കും ഭാര്യയ്ക്കും ഭാര്യയുടെ സഹോദരന് അജിക്കും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷെയര്‍ ഉണ്ടെന്നും തന്റെ സ്വന്തം വസ്തു വിമാനത്താവളത്തിനു വേണ്ടി അക്വയര്‍ ചെയ്തിരുന്നുവെന്നും വിമാനത്താവളത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ അടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞു വിനീതിനെ വിശ്വസിപ്പിക്കുകയായിരുന്നത്രെ. സഹോദരന് അജി വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവൃത്തി നടത്തുന്ന സബ് കോണ്‍ട്രാക്ടറാണെന്നും അയാള്‍ക്ക് എംഡിയുമായി അടുത്ത ബന്ധമുണ്ടെന്നും നിയമനങ്ങളൊക്കെ നടത്തുന്നതും നിയന്ത്രിക്കുന്നതും എംഡിയാണെന്നും പണം നല്കിയാല് വിമാനത്താവളത്തില്‍ കൈവശമുള്ള ചില കാറ്റഗറിയില്‍ പരാതിക്കാരനോ ബന്ധുക്കള്‍ക്കോ ജോലി ശരിയാക്കി തരാമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

എന്റെ ബന്ധുക്കള്‍ക്കും മറ്റും ഇത്തരത്തില്‍ ജോലി ശരിയാക്കിയിട്ടുണ്ടെന്നും സംശയമുണ്ടെങ്കില്‍ അന്വേഷിക്കാമെന്നും പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഒന്നാം പ്രതി പറഞ്ഞതനുസരിച്ച് രണ്ടാം പ്രതിയായ അര്‍ച്ചനയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ രജി മനോഹരന് പറഞ്ഞ അതേ വാഗ്ദാനങ്ങള്‍ അവരും ആവര്‍ത്തിക്കുകയായിരുന്നുവത്രെ. പരാതിക്കാരന് കൂടുതല്‍ വിശ്വാസമുണ്ടാക്കുന്നതിനു രജിമനോഹരന് വിനീതിന്റെ വാട്സ് അപ്പ് നമ്ബറില്‍ വിമാനത്താവളത്തില്‍ ജോലിക്ക് അവസരങ്ങള്‍ ഉണ്ടെന്നുള്ള പരസ്യവും അയച്ചു കൊടുത്തു. കൂടാതെ ഒന്നാം പ്രതിയായ രജി മനോഹരന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നില്ക്കുന്ന ഫോട്ടോയും കൊച്ചി വിമാനത്താവളത്തില്‍ തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും അതിനുള്ളില്‍ രജിക്ക് ബിസിനസ് ഉണ്ടെന്നും തെറ്റിധരിപ്പിക്കാനായി സിയാലിന്റെ ലേബര്‍ ഐഡിറ്റിറ്റി കാര്‍ഡ് കാണിച്ചു കൊടുക്കുകയും ചെയ്തതോടെ പരാതിക്കാരനു വിശ്വാസമുണ്ടാകുകയായിരുന്നത്രെ.

ഇതേ തുടര്‍ന്നു പരാതിക്കാരന്റെ ഭാര്യയ്ക്കും ബന്ധുവിനും സുഹൃത്തിനും ജോലി നല്‍കാമെന്നും രജി പറഞ്ഞതായും പരാതിയില്‍ പറയുന്നു. മൂന്നു തവണയായി നല്‍കിയത് 15, 500,00 രൂപ പ്രതികള്‍ പണം ആവശ്യപ്പെട്ടതിനാല്‍ വിനീത് സൗത്ത് ഇന്ത്യന്‍ ബാങ്ക് മട്ടന്നൂര്‍ ബ്രാഞ്ച് അക്കൗണ്ടില്‍ നിന്നു 2017 മെയ് 12 മുതല്‍ ജൂലൈ 12 വരെയുള്ള കാലയളവില്‍ പല തവണകളിലായി ഏഴര ലക്ഷവും സുഹൃത്ത് സൂരജിന്റെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കണ്ണൂര്‍ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നു 7 ലക്ഷം രൂപയും പ്രതിയുടെ എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. തുടര്‍ന്നു പ്രതി ആവശ്യപ്പെട്ടതു പ്രകാരം ജൂണ്‍ 27 നു മട്ടന്നൂരില്‍ വച്ചു ഒരു ലക്ഷം രൂപയും നല്കി. 2017 സെപ്റ്റംബറില്‍ ജോലിക്കായി ഇന്റര്‍വ്യൂവിനു വിളിക്കുമെന്നും ജോലി ഉറപ്പാണെങ്കിലും ഇന്റര്‍വ്യൂവില്‍ പേരിനു പങ്കെടുക്കണമെന്നും പ്രതി പറഞ്ഞുവത്രെ.

ഉദ്യോഗാര്‍ഥികളില്‍ നിന്നു സര്‍ട്ടിഫിക്കറ്റുകളും രേഖകളും വാങ്ങിയിരുന്നു. ജോലി സംബന്ധിച്ച് യാതൊരു അറിയിപ്പും കിട്ടാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പേടിക്കേണ്ടെന്നും വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകുന്നത് കൊണ്ടാണ് നിയമനങ്ങള്‍ നീളുന്നതെന്നും പറയുകയുണ്ടായി. തുടര്‍ന്നങ്ങോട്ട് യാതൊരു അറിയിപ്പും ഇല്ലാത്തതിനാല്‍ പ്രതിയെ ബന്ധപ്പെട്ടപ്പോള്‍ പല തരം കാരണങ്ങള്‍ പറഞ്ഞു ഒഴിഞ്ഞു മാറുകയും പിന്നീട് ഫോണില്‍ വിളിച്ചിട്ട് കിട്ടാനില്ല എന്നും പരാതിയില്‍ പറയുന്നു. പ്രതികളുടെ പ്രവൃത്തിയില്‍ നിന്നും പ്രതികള്‍ പറഞ്ഞത് കളവാണെന്ന് തെളിയുകയായിരുന്നത്രെ.
തുടര്‍ന്നു പണം ആവശ്യപ്പെട്ടപ്പോള്‍ പണം വിമാനത്താവള ഡയറക്ടര്‍ക്കാണ് നല്‍കിയിട്ടുള്ളതെന്നും ഉടന്‍ തിരിച്ചുനല്‍കാനുള്ള ഏര്‍പ്പാട് ചെയ്യാമെന്നും പറഞ്ഞതായും പരാതിയില്‍ പറയുന്നു. 2018 മാര്‍ച്ച് മാസം കഴിഞ്ഞിട്ടും പണം ലഭിക്കാന്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാറില്ലെന്നും തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും വിനീത് പറഞ്ഞു. പരാതികള്‍ കൂടുന്നു വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. വിമാനത്താവളത്തില്‍ പ്രവൃത്തി ഏറ്റെടുത്ത സബ് കരാറുകാരനെതിരെയും ഒരു പോലീസുകാരനെതിരെയും പരാതി ഉയര്‍ന്നിരുന്നു.
കരാറുകാരനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡി വൈഎഫ്ഐ പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെ നിര്‍മാണ കമ്ബനിയിലെ ഓഫീസിലേക്ക് മാര്‍ച്ചു നടത്തുകയും ചെയ്തിരുന്നു. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടുന്നതായി പരാതികള്‍ ഉണ്ട്.
