KOYILANDY DIARY.COM

The Perfect News Portal

ജൈവ വാഴ കൃഷി പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നമ്മുടെ നാടിന് ഭക്ഷ്യ സമൃദ്ധി കൈവരിക്കാൻ അനുയോജ്യമായ ഒന്നാണ് വാഴ എന്ന് കേരള ജൈവകർഷക സമിതി പരിശീലന വിഭാഗം കൺവീനർ ചന്ദ്രൻ എടപ്പാൾ പറഞ്ഞു. സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ് രാമാനന്ദ ആശ്രമം സ്കൂളിൽ ജൈവ വാഴ കൃഷി പരിശീലന ക്ലാസ് എടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഉതകുന്ന വാഴപ്പഴം സ്ത്രീ രോഗങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ്. ശരീരത്തിൻറെ പ്രതിരോധശക്തി വർധിപ്പിക്കും. കാട്ടു വാഴയിൽ നിന്നാണ് ഇന്നത്തെ നാട്ടു വാഴകൾ ഉരുത്തിരിഞ്ഞത്. ഓസ്ട്രേലിയയിൽ നിന്നാണ് ഇന്ത്യയിലേക്ക് വാഴ വന്നത്. കദളി, പൂവൻ, മണ്ണൻ, മൈസൂർ, നേന്ത്ര തുടങ്ങി 13 ഇനം നാട്ടു വാഴകൾ കേരളത്തിൽ ലഭ്യമാണ്. ഇതിൽതന്നെ നേന്ത്രയുടെ 9 ഉപ ഇനങ്ങളും കദളി, പൂവൻ എന്നിവയ്ക്ക് 3 ഇനങ്ങൾ വീതവും ഇവിടെ ലഭ്യമാണ്. മറ്റ് സംസ്ഥാനങ്ങളിൽ വാഴകളുടെ വൈവിധ്യം കുറവാണ്.
വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വാഴയുടെ ഭാഗങ്ങൾ തന്നെ വാഴയുടെ വളമായും ഉപയോഗിക്കാം. 100 വാഴ ഉള്ള ഒരാൾക്ക് കാലിത്തീറ്റയ്ക്കായി മറ്റൊന്നും ആശ്രയിക്കേണ്ടതില്ല. വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളും വാഴയിൽ നിന്നും ഉണ്ടാക്കാം.
പരിശീലന പരിപാടി സമിതി ജില്ലാ പ്രസിഡണ്ട് കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹകസമിതി അംഗം കെ പി ഉണ്ണിഗോപാലൻ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ടി കെ ജയപ്രകാശ്. വൈസ് പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ, ടി പി ഉഷാകുമാരി, ഡോ. യു പത്മനാഭൻ, വി വിശ്വനാഥൻ, കെ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. പ്രായോഗിക പരിശീലനങ്ങളും ഉണ്ടായിരുന്നു. പങ്കെടുത്ത മുഴുവൻ പേർക്കും ജൈവ ഭക്ഷണം നൽകി. ജൈവ വാഴക്കന്നുകളും വിതരണം ചെയ്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *