ജൈനര്‍ക്കെതിരെ ഭീഷണിയുമായി ശിവസേന
മുംബൈ : ജൈന ഉത്സവത്തോടനുബന്ധിച്ച് മാട്ടിറച്ചി നിരോധിച്ചതിനെതിരെ പ്രകോപനപരമായ നിലപാടുമായി ശിവസേന രംഗത്ത്. മുസ്ലിങ്ങള്‍ക്ക് പോകാന്‍ പാകിസ്ഥാന്‍ എങ്കിലും ഉണ്ട്, ജൈനര്‍ എങ്ങോട്ട് പോകുമെന്നാണ് ഭീഷണി. ശിവസേന മുഖപത്രം സാമ് ന മുഖപ്രസംഗത്തിലൂടെയാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. മഹാരാഷ്ട്രക്കാരുമായി സൗഹാര്‍ദ്ദത്തില്‍ പോകണമെന്നും, അവരുമായി ഇടഞ്ഞാല്‍ നിങ്ങളുടെ സാമ്പത്തികഭദ്രതകൊണ്ടുകാര്യമില്ലെന്നും പത്രം ഓര്‍മ്മിപ്പിക്കുന്നു.
നഗരത്തിലെ നിര്‍മ്മാണ മേഖലയിലെ പ്രമുഖരാണ് ജൈന വിഭാഗക്കാര്‍, ഇവര്‍ ഉത്സവസമയത്ത് കള്ളപ്പണം സ്വീകരിക്കുന്നത് നിര്‍ത്തിവയ്ക്കുമോ എന്ന ആരോപണവും സാമ് ന ഉന്നയിക്കുന്നുണ്ട്. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളില്‍നിന്ന് ശിവസേനയാണ് ജൈനരെ സംരക്ഷിച്ചതെന്നത് മറക്കരുത്. അന്ന് ബാല്‍താക്കറയെ നേരില്‍കണ്ട് നന്ദിപറയാന്‍ ജൈനര്‍ വരിനിന്നിരുന്നു. മുസ്ലിം മത മൗലിക വാദികളെപ്പോലെ മതപരമായ ശക്തിപ്രകടനം നടത്താനാണ് ജൈനര്‍ ശ്രമിക്കുന്നതെങ്കില്‍ ദൈവംമാത്രമെ അവര്‍ക്ക് തുണയുണ്ടാകുകയുള്ളുവെന്നും പത്രം പറയുന്നു.

ജൈന ഉത്സവത്തോടനുബന്ധിച്ചാണ് മുംബൈയില്‍ മാട്ടിറച്ചി നിരോധിച്ചത്. 18 വരെ നാലുദിവസത്തേക്കാണ് കോര്‍പറേഷന്‍ അധികൃതര്‍ മാംസാഹാരം നിരോധിച്ചത്. 2017ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരും കോര്‍പറേഷനും ജൈന ഉത്സവത്തോടനുബന്ധിച്ച് മാംസം നിരോധിച്ചതെന്നാണ് ആരോപണം. ഭരണകക്ഷിയായ ശിവസേന തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തുവരികയും, വ്യാഴാഴ്ച ദാദറില്‍ മാംസം വിതരണം നടത്തുകയും ചെയ്തിരുന്നു. ഇറച്ചിനിരോധനത്തിനെതിരെ പ്രതിഷേധം തുടരുമെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രകോപനപരമായ മുഖപ്രസംഗവുമായി സാമ് ന രംഗത്തെത്തിയത്.

