KOYILANDY DIARY.COM

The Perfect News Portal

ജീവിതത്തെ മനുഷ്യത്വപൂര്‍ണ്ണമാക്കുന്നത് കലയും സംസ്‌കാരവുമാണെന്ന് മുഖ്യമന്ത്രി

കൊച്ചി: ജീവിതത്തെ മനുഷ്യത്വപൂര്‍ണ്ണമാക്കുന്നത് കലയും സംസ്‌കാരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ കൊച്ചി മുസ്‌രിസ് ബിനാലെ 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവിതം പൂര്‍ണമാകണമെങ്കില്‍ കല ഉണ്ടായേ തീരൂ. കലയുടെ അഭാവത്തില്‍ മനുഷ്യ ജീവിതം മൃഗജീവിതത്തിന്റെ തലത്തിലേക്ക് താഴ്ന്നു പോകും. ഈ ബോധ്യം ഉള്ളതിനാലാണ് സാമ്ബത്തിക ഞെരുക്കങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ ബിനാലെയെ കൈയൊഴിയാത്തത്. കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിനുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ കലാമാമാങ്കമാണ് കൊച്ചി ബിനാലെ. കലയെ കൂടുതല്‍ അടുത്തറിയാനാഗ്രഹിക്കുന്നവര്‍ക്ക് അറിവിന്റെ പരീക്ഷണശാലയാണ് ബിനാലെ. പതിവില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ സ്ത്രീപക്ഷ ബിനാലെയാണ് നടത്തുന്നത്. കാലഘട്ടം ആവശ്യപ്പെടുന്നതുമാണിത്. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സ്ത്രീ സമൂഹത്തെ തന്നെ പാര്‍ശ്വവത്കരിക്കാനും അരങ്ങിലുള്ളവരെ തന്നെ അടുക്കളയില്‍ തളച്ചിടാനും ചിലര്‍ ഗൂഢശ്രമം നടത്തുന്ന വേളയില്‍ തന്നെ സ്ത്രീപക്ഷ ബിനാലെയുമായി മുന്നോട്ട് വരാന്‍ തയാറായ സംഘാടകരെ അനുമോദിക്കുന്നു.

Advertisements

ബിനാലെയുടെ നായകത്വം വഹിക്കുന്നത് അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തയായ വനിതയാണ്. സമകാലിക കലയുടെ വാണിജ്യവത്കരണത്തിനെതിരേ മുന്‍നിര പ്രവര്‍ത്തനം നടത്തുകയാണ് അനിത ദുബെ. കലയിലെ പരമ്ബരാഗത കാഴ്ചപ്പാടുകളില്‍ നിന്നു മാറി കലയെ രാഷ്ട്രീയമായിക്കൂടി സമീപിക്കാന്‍ ശീലിച്ച അനിത ദുബെയുടെ സൃഷ്ടികള്‍ സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ വിശകലനം ചെയ്യുന്നതും പിന്തിരിപ്പന്‍ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുന്നവയുമാണ്. ഈ ബിനാലെയിലെ അമ്ബത് ശതമാനം കലാസൃഷ്ടികളും സ്ത്രീ കലാകാരന്മാരുടേതാണെന്നത് ശ്രദ്ധേയമാണ്. ഭൂരിഭാഗം കലാസൃഷ്ടികളും സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവയുമാണ്.

ആഗോള സംസ്‌കാര വൈവിധ്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ബിനാലെ വഹിക്കുന്ന പങ്ക് വിവരണാതീതമാണ്. ഇന്ത്യയുള്‍പ്പടെ 31 രാജ്യങ്ങളില്‍ നിന്നുള്ള 93 കലാസൃഷ്ടികളാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്. യൂറോപ്യന്‍മാരുടെയും സമ്ബന്നന്മാരുടെയും കലാമാമാങ്കം എന്ന ധാരണ പൂര്‍ണമായും ഇവിടെ തെറ്റിച്ചിരിക്കുകയാണ്. ജനകീയ മുഖം ബിനാലെയ്ക്ക് കൈവന്നിരിക്കുകയാണ്. സാര്‍വദേശീയ പ്രസക്തിയും പ്രധാന്യവും പ്രാതിനിധ്യവുമുള്ള ഒന്നായി ബിനാലെ മാറിയിരിക്കുന്നു. യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന പലസ്തീന്‍, ലെബനന്‍, ബോസ്നിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്.

പോസിബിള്‍ ഫോര്‍ എ നോണ്‍ ഏലിയനേറ്റഡ് ലൈഫ് എന്ന തലവാചകം അന്വര്‍ഥമാക്കും വിധമാണ് കലാസൃഷ്ടികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കലാരംഗത്ത് അടക്കം പാര്‍ശ്വവത്കരിക്കപ്പെടുകയോ അന്യവത്കരിക്കപ്പെടുകയോ ചെയ്ത ജനവിഭാഗങ്ങള്‍ക്ക് ഈ ബിനാലെയില്‍ ഇടം പിടിച്ചിട്ടുണ്ട്. നെയ്ത്ത് തൊഴിലാളിയായ ബേപ്പൂര്‍ സ്വദേശി ശാന്തയ്ക്കും ഡല്‍ഹിയില്‍ സ്വദേശി വിക്കി റോയിക്കും ഓട്ടോ ഡ്രൈവറായ ബപ്പി ദാസിനും ഈ ബിനാലെയില്‍ ഇടം നേടാനായി. ലോകപ്രശസ്ത കലാസൃഷ്ടികള്‍ക്കൊപ്പം ആന്ധ്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗോത്ര വിഭാഗങ്ങളുടെ കലാസൃഷ്ടികളും ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജനകീയവും വൈവിധ്യപൂര്‍ണവുമാണ് ഈ മേള.
നവകേരള സൃഷ്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇത്തവണ ബിനാലെ സംഘടിപ്പിക്കുന്നത്. പ്രളയാനന്തര കേരളം ഇന്ന് പുനര്‍നിര്‍മാണത്തിന്റെ പാതയിലാണ്. ഇത്തരം ഒരു അവസ്ഥയിലും ബിനാലെ നടത്തിപ്പിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറായിരുന്നില്ല. മുന്‍വര്‍ഷത്തെ അതേ തുക തന്നെ ഇത്തവണയും അനുവദിച്ചിട്ടുണ്ട്. മുട്ടു ന്യായങ്ങള്‍ പറഞ്ഞ് കലയെ ഒഴിവാക്കുന്ന സമീപനമല്ല സര്‍ക്കാരിനുള്ളത്.

ലോകസംസ്‌കാര വൈവിധ്യത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ബിനാലെ ടൂറിസം മേഖലയ്ക്ക് വലിയ ഊര്‍ജമാണ് നല്‍കുന്നത്. കഴിഞ്ഞ തവണ ആറു ലക്ഷത്തോളം പേരാണ് ബിനാലെ സന്ദര്‍ശിക്കാനായി കൊച്ചിയിലെത്തിയത്. ഇത്തവണ അത് വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഗുണം കൊച്ചിക്കും കേരളത്തിനും ലഭിക്കും.

കൊച്ചി മുസ്രിസ് ബിനാലെയ്ക്ക് സ്ഥിരം വേദി ഒരുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വളരെയേറെ മുന്നോട്ട് പോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. 2021 ലെ കൊച്ചി ബിനാലെ ഡിസൈന്‍ ബിനാലെ കൊച്ചി ആയിരിക്കുമെന്ന വിവരവും മുഖ്യമന്ത്രി അറിയിച്ചു.

ബിനാലെ വേദിയില്‍ ചേന്ദമംഗലത്തെ നെയ്ത്ത് തൊഴിലാളികള്‍ തുന്നിയ ഷാള്‍ അണിയിച്ച്‌ മുഖ്യമന്ത്രിയെ ആദരിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബോസ് കൃഷ്ണമാചാരി, പ്രൊഫ. കെ വി തോമസ് എംപി, എംഎല്‍എമാരായ കെ ജെ മാക്സി, ജോണ്‍ ഫെര്‍ണാണ്ടസ്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, കൗണ്‍സിലര്‍മാര്‍, കുറേറ്റര്‍ അനിത ദുബെ, മുന്‍ ക്യുറേറ്റര്‍മാര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *