ജില്ലാ സ്കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും

കോഴിക്കോട് > ജില്ലാ സ്കൂള്‍ കലോത്സവത്തിന് ബുധനാഴ്ച തിരിതെളിയും. 4, 5, 6, 7, 8 തിയതികളില്‍ വെള്ളിമാടുകുന്ന് ജെഡിടി ഇസ്ളാം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലോത്സവ സംഘാടകസമിതി ചെയര്മാന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അറിയിച്ചു.
17 ഉപജില്ലകളില്‍ നിന്നായി 8,641 പേര് കലോത്സവത്തില്‍ മാറ്റുരയ്ക്കും. ഇരുനൂറോളം പേര് അപ്പീലുമായും എത്തുന്നു. 297 ഇനങ്ങളില്‍ 15 വേദികളിലായാണ് മത്സരം. ജെഡിടി സ്കൂളിനെ കൂടാതെ എന്‍ജിഒ ക്വാര്‍ട്ടേഴ്സ് എച്ച്എസ്- എച്ച്എസ്എസ്, സില്‍വര്‍ഹില്‍സ് സ്കൂള്‍, സെന്റ് ഫിലോമിന സ്കൂള്‍, സെന്റ് ജോസഫ്സ് ജൂനിയര്‍ സ്കൂള്‍, കൂറ്റഞ്ചേരി ശിവക്ഷേത്രം ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. സ്റ്റേജിതര മത്സരങ്ങള്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്സ് എച്ച്എസ്-എച്ച്എസ്എസിലെ ഇരുപത് മുറികളിലായി നടക്കും. മൂന്നിന് പകല്‍ 3ന് ആര്‍ഡിഡി ജയശ്രീ രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്യും.

നാലിന് രാവിലെ 9.30ന് സ്റ്റേജിതര മത്സരങ്ങള്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ വൈകീട്ട് നാല് വരെയാണ് രജിസ്ട്രേഷന്. അഞ്ചിന് വൈകീട്ട് നാലിന് കലോത്സവം മന്ത്രി എ കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. മന്ത്രി ടി പി രാമകൃഷ്ണന് ബെസ്റ്റ് പിടിഎ അവാര്‍ഡ് വിതരണം നടത്തും.

അഞ്ചിന് പകല്‍ 3ന് സില്‍വര്‍ ഹില്‍സ് സ്കൂളില്‍ നിന്ന് ജെഡിടിയിലേക്ക് ഘോഷയാത്രയും സംഘടിപ്പിക്കും. മൈലാഞ്ചി, ഹിന്ദോളം, മോഹനം, സാവേരി, ഭൈരവി, ഭൂപാളം, കാംബോജി തുടങ്ങിയ പേരുകളിലാണ് വേദികള്‍. മത്സരാര്ഥികളില് കൂടുതലും പെണ്‍കുട്ടികളാണ്, 5219 പേര്. 3422 ആണ്‍കുട്ടികളും മത്സരവേദിയിലെത്തും. യുപി വിഭാഗത്തില്‍ 1892 കുട്ടികളും ഹൈസ്കൂള്‍വിഭാഗത്തില്‍ 3780ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 2969ഉം പേര് മത്സരിക്കും. ഭക്ഷണത്തിന് ഡിസ്പോസിബിള്‍ ഗ്ളാസുകളും മറ്റും ഒഴിവാക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനറും ഡിഡിഇയുമായ ഡോ. ഗിരീഷ് ചോലയില്‍, കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സംഘാടകസമിതി വൈസ് ചെയര്‍മാനുമായ എം രാധാകൃഷ്ണന്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി കെ അരവിന്ദന്, റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ അഷറഫ് കുരുവട്ടൂര്‍, ജെഡിടി സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ കബീര്‍ എന്നിവര്‍ പങ്കെടുത്തു.
