ജില്ലാ സഹകരണ ആശുപത്രിക്ക് നേഷണൽ എക്സലൻസ് അവാർഡ്

കോഴിക്കോട്: ദേശിയ തലത്തിൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന സഹകര പ്രസ്ഥാനമായ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിക്ക് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അവാർഡ്. ഡൽഹിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് കോഴിക്കോട് കോർപ്പറേഷൻ മുൻ മേയർ കൂടിയായ ആശുപത്രിയുടെ പ്രസിഡന്റ് എം.ഭാസ്കരനും, സെക്രട്ടറി എ.വി.സന്തോഷ് കുമാറും ചേർന്ന് അവാർഡ് ഏറ്റ് വാങ്ങി.
സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനം, പാവപ്പെട്ടവർക്ക് വേണ്ടിയുള്ള സേവനങ്ങൾ, ശക്തമായ സാമ്പത്തിക മൂലധനം, തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി, ആതുര ശുശ്രൂഷ രംഗത്തെ മികവ് എന്നിവ വിലയിരുത്തിയാണ് അവാർഡ് നിശ്ചയിച്ചത്.
ആശുപത്രി ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്ന എം.ഭാസ്കരൻ മികച്ച ഒരു സഹകാരി എന്ന നിലയിലും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കാലിക്കറ്റ് ടൗൺ ബാങ്ക് ചെയർമാൻ, സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം, റബ്കോ വൈസ് ചെയർമാൻ, കോംട്രസ്റ്റ് ഡയരക്ടർ, എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.
