KOYILANDY DIARY

The Perfect News Portal

ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഓഫീസ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഓഫീസിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു.  പി.ടി.എ.റഹീം എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. മർകസിനു മുമ്പിൽ ദേശീയ പാതയോരത്താണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം ഒരുക്കിയത്.നേരത്തെ ഈ സ്ഥാപനം കോഴിക്കോട് സിവിൽ സ്റ്റേഷനിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

പണി പൂർത്തീകരിച്ച് വർഷങ്ങളായി കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. 1998 മുതൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന ഫോറം 2008 ലാണ് കുന്ദമംഗലത്ത് സ്വന്തം കെട്ടിടം നിർമ്മിച്ച് മാറ്റുവാൻ തീരുമാനിച്ചിരുന്നത്. നഗര ഹൃദയത്തിൽ നിന്ന് കുന്ദമംഗലത്തേക്ക് മാറ്റുന്നതിന് എത്തിപ്പെടാൻ പ്രയാസമാണെന്ന കാരണം പറഞ്ഞ് ചിലകേന്ദ്രങ്ങളിൽ നിന്ന് ശക്തമായ എതിർപ്പ് വന്നിരുന്നുവെങ്കിലും എം.എൽ.എയുടെ ഇടപെടലുകളാണ് കുന്ദമംഗലത്ത് തന്നെ ഫോറം ആരംഭിക്കാനായത്. 70.16 ലക്ഷം രൂപ ചെലവഴിച്ച് 13 സെന്റ് സ്ഥലത്ത് വിശാലമായ സൗകര്യങ്ങളോടെ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. താഴെ നിലയിലാണ് കോടതിമുറി.

എം.കെ.രാഘവൻ എം.പി, ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്, പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. സീനത്ത്, വാർഡ് മെമ്പർ പി.ബഷീർ, ടി.വി.ബാലൻ, ഖാലിദ് കിളിമുണ്ട എന്നിവർ സംസാരിച്ചു. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് വി.വി.ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *