ജില്ലയിൽ 105 അങ്കണവാടികളിൽ വൈഫൈ

കോഴിക്കോട്: ജില്ലയിൽ 105 അങ്കണവാടികളിൽ വൈഫൈ സൗകര്യം വരുന്നു. അങ്കണവാടികളോട് അനുബന്ധിച്ചുള്ള കുമാരി ക്ലബ്ബുകളുടെ (അഡോളസന്റ്‌സ് ക്ലബ്) പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് വനിത ശിശുവികസന വകുപ്പിന് കീഴിൽ മികച്ച പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്ന ക്ലബ്ബുകളിലാണ് ആദ്യഘട്ടത്തിൽ വൈഫൈ എത്തുക. ഒരു അങ്കണവാടിക്ക് 2500 രൂപ വകുപ്പ് ഇതിന് അനുവദിച്ചു.

കൗമാരക്കാരായ പെൺകുട്ടികളുടെ ശാരീരിക – മാനസിക ശാക്തീകരണം ലക്ഷ്യമിട്ടാണ് ‘വർണക്കൂട്’ എന്നപേരിൽ കുമാരി ക്ലബ്ബുകൾ രൂപീകരിച്ചത്. എന്നാൽ, ഇന്റർനെറ്റ് കണക്‌ഷൻ ഇല്ലാത്തതിനാൽ ഇവിടെ ഓൺലൈൻ പ്രവർത്തനങ്ങൾ നടത്താനായിരുന്നില്ല. ഇത് പരിഹരിക്കാനാണ് വൈഫൈ ഏർപ്പെടുത്തുന്നത്. ഇതുമൂലം പഠന വിഷയങ്ങളിൽ കൂടുതൽ അറിവ് നൽകാനും പൊതുപരീക്ഷകളിലെ മികവ് വർധിപ്പിക്കാനും പാഠ്യേതര വിഷയങ്ങളിൽ പ്രാവീണ്യം നൽകാനും സാധിക്കും. ബിഎസ്‌എൻഎലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.


