KOYILANDY DIARY

The Perfect News Portal

ജനാധിപത്യപ്രക്രിയ ഏറ്റെടുക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക പാര്‍ടി സിപിഐ എമ്മാണ്: സീതാറാം യെച്ചൂരി

മുഹമ്മദ് അമീന്‍ നഗര്‍ > ‘ഈ പാര്‍ടിയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഭാവിദിശ സംബന്ധിച്ച്‌ തീരുമാനിക്കുന്നതില്‍ ഇത്തരമൊരു ജനാധിപത്യപ്രക്രിയ ഏറ്റെടുക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക പാര്‍ടി സിപിഐ എമ്മാണ്. മുഖ്യപോരാട്ടം ആര്‍എസ്‌എസിനും ബിജെപിക്കും എതിരെയാണ്. ഈ സര്‍ക്കാരിന്റെ പരാജയമാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള പോരാട്ടത്തിനായി രാജ്യവ്യാപകമായി ബഹുജനങ്ങളെ സംഘടിപ്പിക്കാന്‍ രാഷ്ട്രീയപ്രമേയം നല്‍കുന്ന ദിശാബോധം ഞങ്ങള്‍ യോജിച്ച്‌ ഏറ്റെടുക്കുന്നു. നമ്മുടെ പാര്‍ടിയെ ശക്തിപ്പെടുത്തുക, നമ്മുടെ ഐക്യം വിപുലമാക്കുക, ഈ സര്‍ക്കാരിനെ പരാജയപ്പെടുത്തുക’- കരടുപ്രമേയത്തിന്മേലുള്ള പൊതുചര്‍ച്ച പൂര്‍ത്തിയായശേഷം നടത്തിയ പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തു.

പാര്‍ടി സഖാക്കളുടെ പൊതുവികാരമാണ് തങ്ങള്‍ക്കെല്ലാമെന്ന് പ്രകാശ് കാരാട്ട് പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞു. ധാരണ, സഖ്യം തുടങ്ങി ചില വാക്കുകളല്ല ഇവിടെ പ്രസക്തം. ബിജെപിക്കും ആര്‍എസ്‌എസിനുമെതിരായ പോരാട്ടം എങ്ങനെ ഏറ്റവും മികച്ചതാക്കാമെന്നതും അവരുടെ പരാജയം ഉറപ്പുവരുത്താമെന്നതുമാണ് സമീപനം. പ്രശ്നം പരിഹരിച്ച്‌ പാര്‍ടി കോണ്‍ഗ്രസില്‍നിന്ന് ഐക്യത്തിന്റേതായ സന്ദേശം ഉയര്‍ത്തി മടങ്ങണമെന്ന് നിരവധി സഖാക്കള്‍ ആവശ്യപ്പെട്ടു. സഖാക്കളുടെ ഈ പൊതുവികാരം ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചത്. കോണ്‍ഗ്രസുമായി ഒരു രാഷ്ട്രീയസഖ്യവും ഉണ്ടാകില്ലെന്നതാണ് രാഷ്ട്രീയനിലപാട്. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ ഏറ്റവും പ്രധാന പാര്‍ടിയുമായുള്ള ഏതൊരു സഖ്യവും ഭരണവര്‍ഗത്തിനെതിരായ ബദല്‍നയത്തിനായി ജനങ്ങളുടെ ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും. ഈയൊരു രാഷ്ട്രീയനിലപാടിന്റെ അടിസ്ഥാനത്തിലാകും ഭാവിയിലെ തെരഞ്ഞെടുപ്പുതന്ത്രങ്ങള്‍ക്ക് രൂപംനല്‍കുക.

ധാരണ എന്ന വാക്ക് പരിഗണിക്കുമ്ബോള്‍ കോണ്‍ഗ്രസ് പാര്‍ടിയുമായുള്ള ധാരണയുടെ സാധ്യത കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. പാര്‍ലമെന്റിനുള്ളില്‍ കോണ്‍ഗ്രസടക്കം എല്ലാ മതേതര പ്രതിപക്ഷ പാര്‍ടികളുമായും യോജിച്ച വിഷയങ്ങളില്‍ ധാരണയുണ്ട്. വര്‍ഗീയതയ്ക്കെതിരായി എല്ലാ മതേതര- ജനാധിപത്യ ശക്തികളുടെയും വിശാലമായ കൂട്ടായ്മയെന്ന വിശാഖപട്ടണം പാര്‍ടി കോണ്‍ഗ്രസ് തീരുമാനം മുന്നോട്ട് കൊണ്ടുപോവുകയാണ്. മൂന്നു കാര്യങ്ങളാണ് ഏറ്റെടുക്കേണ്ടത്. ഒന്ന്, ബിജെപിയുടെ വര്‍ഗീയ- സര്‍വാധിപത്യ ഭരണത്തെ പരാജയപ്പെടുത്തുന്നതിനുള്ള പോരാട്ടം ശക്തിപ്പെടുത്തുക. രണ്ട്, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സോഷ്യലിസത്തിനുമായുള്ള പോരാട്ടത്തിനായി ശക്തമായ സിപിഐ എം കെട്ടിപ്പടുക്കുക. മൂന്ന്, ഇടത് ജനാധിപത്യ ബദലിന്റെ സൃഷ്ടിക്കായി ഒരു ശക്തമായ ഇടത് ജനാധിപത്യമുന്നണിക്ക് രൂപംനല്‍കുക- കാരാട്ട് പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *