ചൊവ്വാഴ്ച കൊയിലാണ്ടിയിൽ വ്യാപാരികളുടെ കടയടപ്പ് സമരം
കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ 6-ാം തിയ്യതി ചെവ്വാഴ്ച കടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് സമരം സംഘടിപ്പിക്കുന്നത്. മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ അനുവദിക്കുക,
ഹോട്ടലുകളിൽ സാമൂഹ്യ അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകുക,
ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ വ്യാപാരം നിരോധിക്കുക, ലോക്ക് ഡൗൺ കാലത്തെ വാടക ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കാൻ സഹകരണ ബാങ്കുകളിൽ നിന്നും പലിശ രഹിത വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നതെന്ന് പ്രസിഡണ്ട് കെ.കെ. നിയാസ്, കെ.പി. രാജേഷ്, കെ. ദിനേശൻ എന്നിവർ പറഞ്ഞു.

