KOYILANDY DIARY

The Perfect News Portal

ചേർമല ടൂറിസം പദ്ധതി നടപ്പാക്കാൻ 3.59 കോടി രൂപയുടെ ഭരണാനുമതി

പേരാമ്പ്ര: ചേർമല ടൂറിസം പദ്ധതി നടപ്പാക്കാൻ 3.59 കോടി രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവായി. ഓപ്പൺ എയർ തിയേറ്റർ ഉൾപ്പെടെ പാർക്കിനാവശ്യമായ അടിസ്ഥാന വികസനങ്ങൾക്കാണ് തുക വിനിയോഗിക്കുക. നേരത്തേ, ഡി.ടി.പി.സി. നേതൃത്വത്തിൽ ആറുകോടിയുടെ പദ്ധതി തയ്യാറാക്കി സർക്കാരിൻ്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു. സ്ഥലത്തിന്റെ ലാൻഡ്‌ സ്കേപ്പിങ്‌ നടത്തി പാർക്കൊരുക്കൽ, കര കൗശല വസ്തുക്കളുടെ വിൽപ്പനയ്ക്കായി വർക്ക് ഷെഡ്, നടപ്പാത, സഞ്ചാരികൾക്കായി പ്രാഥമിക സൗകര്യങ്ങളൊരുക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

നഗരത്തിൽ പൊതുജനങ്ങൾക്ക് സായാഹ്നങ്ങൾ ചെലവിടാൻ പാർക്കുകളൊന്നും നിലവിലില്ല. ഈ സാഹചര്യത്തിലാണ് ചേർമലയിലും സമീപത്തെ നരിക്കിലാപുഴ കേന്ദ്രീകരിച്ചും ടൂറിസം പദ്ധതി നടപ്പാക്കാൻ ആലോചന തുടങ്ങിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ, പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതി പൂർണതയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. പേരാമ്പ്ര പഞ്ചായത്തിലെ ഈ കുന്നിൻപ്രദേശം മേഖലയിലെ ഉയർന്ന ഭാഗം കൂടിയാണ്.

നരിനഞ്ചയെന്ന ചെങ്കൽ ഗുഹയും ഇവിടത്തെ പ്രധാന ആകർഷണമാണ്. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഗുഹയുടെ കുറച്ചുഭാഗത്ത് പരിശോധന നടത്തുകയും മണ്ണ് നീക്കംചെയ്യുകയും ചെയ്തിട്ടുണ്ട്. ഗുഹയ്ക്കുള്ളിലൂടെ നടന്നുപോകുന്ന വിധത്തിലാക്കിയിട്ടുമുണ്ട്. ചേർമലയുടെ മുകൾഭാഗത്തെത്തിയാൽ മേഖലയിലെ പ്രകൃതിഭംഗിയും ആസ്വദിക്കാനാകും. സൂര്യഗ്രഹണമുൾപ്പെടെ കാണാൻ സൗകര്യമുള്ള പ്രദേശമെന്നനിലയിൽ ആകാശ നിരീക്ഷണത്തിനും പ്രദേശത്ത് ഇപ്പോൾത്തന്നെ ഒട്ടേറെപ്പേർ എത്താറുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *