ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ശില്പശാലയിൽ ആട്ടവും പാട്ടും. ചിരിയും ചിന്തയുമായി അണിനിരന്നത് നൂറ് കണക്കിന് വനിതകൾ. മഹാമാരിയുടെ ദുരിത നാളുകൾക്ക് ശേഷം അവർ ഒരുമയുടെ പാട്ടുകളുമായാണ് വീണ്ടും ഒത്തുചേർന്നത്. വെളിച്ചം അന്യമായി പോയ അടച്ചിടലിൻ്റെ നൊമ്പരങ്ങളെ വകഞ്ഞ് മാറ്റി അവർ സ്വാതന്ത്ര്യത്തിൻ്റെ പൊതു ഇടങ്ങളിലേക്ക് ആഹ്ലാദാരവങ്ങളിലൂടെ പറന്നെത്തുകയായിരുന്നു.

കുടുംബശ്രീയുടെ ചരിത്രം-വികാസം-നാളെ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനാധിഷ്ഠിത ക്ലാസുകളായിരുന്നു ശില്പശാലയിൽ സംഘടിപ്പിക്കപ്പെട്ടത്. പ്രവർത്തനങ്ങളിലോരോന്നിലും പ്രായഭേദമന്യേ കുടുംബശ്രീ പ്രവർത്തകർ സജീവ പങ്കാളികളായി. എഴുപത്തി അഞ്ച് വയസുള്ള അമ്മുമ്മ മുതൽ പതിനെട്ടു വയസ് പ്രായമായ യുവതികൾ വരെ ആടിയും, പാടിയും ശില്പശാലയെ സമ്പന്നമാക്കി. കുടുംബശ്രീ വാർഡുതല ശില്പശാലയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പൂക്കാട് എഫ്.എഫ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവ്വഹിച്ചു. സി.ഡി.എസ്.ചെയർപേഴ്സൺ ആർ.പി. വത്സല ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


