KOYILANDY DIARY

The Perfect News Portal

ചെറിയൊരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാനകള്‍ കൃഷി നശിപ്പിച്ചു

കക്കട്ടില്‍ : നരിപ്പറ്റ പഞ്ചായത്തിലെ മലയോര മേഖലയില്‍ ചെറിയൊരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാനകള്‍ കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയാണ് ആറ് ആനകള്‍ അടങ്ങിയ സംഘം ജനവാസമേഖലയിലേക്കിറങ്ങിയത്.   പുള്ളിയംപാറ ഭാഗത്തെ നിരവധി കര്‍ഷകരുടെ കുലച്ചതും, കുലയ്ക്കാറായതുമായ തെങ്ങുകള്‍ പിഴുതെറിഞ്ഞും ചവിട്ടിമെതിച്ചുമെത്തിയ ആനക്കൂട്ടം മയങ്ങിയില്‍ കുമാരന്റെ വീട്ടുമുറ്റം വരെയെത്തി. ആനകളുടെ ആക്രമത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഈ കുടുംബം രക്ഷപ്പെട്ടത്. തേങ്ങാ പറമ്പത്ത് ശങ്കരന്‍, വിജയന്‍, സത്യന്‍, വിശ്വന്‍ എന്നിവരുടെ കൃഷിഭൂമിയിലാണ് ഏറ്റവും കൂടുതല്‍ കൃഷി നാശമുണ്ടായത്, കമുക്, വാഴ എന്നിവയും നശിപ്പിച്ചിട്ടുണ്ട്.

കാട്ടാന ശല്യം തുടര്‍കഥയായ ഈ മേഖലയില്‍ വൈദ്യുതി കമ്പിവേലി ഉള്‍പ്പെടെ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു . എന്നാല്‍ അതിനുള്ള യാതൊരു തുടര്‍ നടപടിയും പിന്നീട് ഉണ്ടായില്ലെന്ന് കൃഷിക്കാര്‍ പറയുന്നു.   ആള്‍ താമസമുള്ളിടങ്ങളിലേക്ക് കൂടി കാട്ടാനകള്‍ ഇറങ്ങുന്നത് ആളപായമുണ്ടാക്കുമോ എന്ന ഭീതിയിലാണ് പ്രദേശവാസികള്‍.

ആക്രമം ഭയന്ന് താമസക്കാരില്‍ ചിലര്‍ വീടൊഴിഞ്ഞു പോയിട്ടുണ്ട്. പോകാനിടമില്ലാത്തവര്‍ ജീവന്‍ പണയം വെച്ചാണ് ഇവിടെ കഴിയുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *