KOYILANDY DIARY.COM

The Perfect News Portal

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; കോട്ടയം മെഡിക്കല്‍ കോളേജ്‌ ഉള്‍പ്പെടെ 3 ആശുപത്രികള്‍ക്കെതിരെ കേസെടുത്തു

കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിക്കാനിടയായ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിനും സ്വകാര്യ ആശുപത്രികളായ കാരിത്താസ്, മാതാ എന്നിവക്കുമെതിരെ കേസെടുത്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനുമാണ് കേസ്. പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസാണ്‌ കേസെടുത്തത്‌.

കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് ഇന്നലെ മെഡിക്കല്‍ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സ കിട്ടാതെ മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മ‍ൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തില്‍ ആശുപത്രി അധികൃതര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കണം എന്നായിരുന്നു നിര്‍ദ്ദേശം.

Advertisements

എച്ച്‌‍വണ്‍ എന്‍വണ്‍ പനി ബാധിച്ച്‌ ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ വെന്‍റിലേറ്റര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃത‍ര്‍ മടക്കിയയച്ചുവെന്നാണ് പരാതി . രോഗിയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെന്‍റിലേറ്റര്‍ ലഭ്യമായില്ല.വീണ്ടും തിരിച്ച്‌ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടും ചികിത്സ ലഭിച്ചില്ലെന്ന്‌ പറയുന്നു.

ഗുരുതരാവസ്ഥയിലുള്ള രോഗി ആബുലന്‍സിലുള്ള കാര്യം മെഡിക്കല്‍ കോളേജിലെ പിആര്‍ഒ ഡോക്ടര്‍മാരെ അറിയിക്കാത്തത് വീഴ്ചയാണെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാര്‍ പുറത്തിറങ്ങി പരിശോധിക്കാത്തത് അവര്‍ക്ക് കൃത്യമായി വിവരം കിട്ടാത്തതിനാലാണെന്നും സൂപ്രണ്ട് വിശദീകരിച്ചു.

അതേ സമയം വെന്‍റിലേറ്റര്‍ ഒഴിവില്ലായിരുന്നെന്നും ഡോക്ടര്‍ വന്നപ്പോഴേയ്ക്കും ആംബുലന്‍സ് വിട്ട് പോയിരുന്നെന്നുമുള്ള ആര്‍എംഒയുടെ വിശദീകരണം മരിച്ച ജേക്കബിന്‍റെ മകള്‍ റെനി നിഷേധിച്ചു. പിആര്‍ഒയുടെ സമീപനം ഉത്തരവാദപരമായി ആയിരുന്നില്ല. ഒരു ഡോക്ടറെ പോലും രോഗിയെ നോക്കാന്‍ അയയ്ക്കാന്‍ പോലും പിആര്‍ഒ തയ്യാറായില്ലെന്നും മകള്‍ ആരോപിച്ചു. . ഇവരുടെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ആംബുലന്‍സിലാണ്‌ രോഗി മരിച്ചത്‌. മരണം സ്‌ഥിരീകരിക്കാന്‍ പോലം ഡോക്‌ടര്‍മാറ തയ്യാറായില്ലെന്നും പരാതിയിലുണ്ട്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *