KOYILANDY DIARY

The Perfect News Portal

ചാലിയാറിലെ വെള്ളം മനുഷ്യന് ഉപയോഗിക്കാന്‍ പറ്റാത്ത വിധം മലിനപ്പെട്ടെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: മഞ്ചേരി നഗരസഭയിലേയും കോഴിക്കോട് നഗരസഭയിലേയും ഉള്‍പ്പെടെ നിരവധി കുടിവെള്ള പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന ചാലിയാറിലെ വെള്ളം മനുഷ്യന് ഉപയോഗിക്കാന്‍ പറ്റാത്ത വിധം മലിനപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ചാലിയാറില്‍ മത്സ്യസമ്ബത്തിനടക്കം വലിയ ഭീഷണി ഉയര്‍ത്തി ബ്ലൂ ഗ്രീന്‍ ആല്‍ഗ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് സി ഡബ്ല്യൂ ആര്‍ ഡിഎം ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍.

ചാലിയാറിലെ വെള്ളം താല്‍ക്കാലികമായി കുടിക്കുവാനും കുളിക്കുവാനും ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. പുഴയില്‍ കുളിച്ചാല്‍ ചൊറിച്ചില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അരീക്കോട് ഭാഗത്താണ് കഴിഞ്ഞ ദിവസം വ്യാപകമായി പുഴയില്‍ പച്ച നിറത്തിലുള്ള പൂപ്പലും ഓയിലും കലര്‍ന്നത് പോലുള്ള കട്ടിയുള്ള ദ്രാവകം കാണപ്പെട്ടത്. വെള്ളത്തിന് മുകളിലായാണ് ഈ പാട കണ്ടെത്തിയത്. ടൗണിനോട് ചേര്‍ന്ന ഭാഗത്തെ വൈ എം ബി കടവിലാണ് നാല് ദിവസം മുമ്ബ് പച്ച നിറം ആദ്യം കണ്ടത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ പുഴയില്‍ വ്യാപകമായ രീതിയില്‍ കാണുകയായിരുന്നു.

ഇതോടെ നാട്ടുകാര്‍ ആശങ്കയിലായി. വെള്ളത്തില്‍ നൈട്രേറ്റും ഫോസ്ഫേറ്റും വര്‍ധിക്കുമ്ബോഴുണ്ടാവുന്ന ഈ പ്രതിഭാസം കൂടുതലായാല്‍ ജലത്തില്‍ ഓക്സിജന്റ അളവ് കുറയുകയും അത് മത്സ്യങ്ങള്‍ ചത്ത് പോവുന്നതിനും കാരണമാവുകയും ചെയ്യും. സംസ്ഥാനത്തു തന്നെ വലിയ രീതിയില്‍ മത്സ്യസമ്ബത്തുള്ള പുഴയാണ് ചാലിയാര്‍. എന്‍ സി ഡി സി അധികൃതരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഈ വെള്ളത്തില്‍ കുളിച്ചവരില്‍ ചൊറിച്ചിലിന് പുറമെ ശരീരത്തില്‍ എണ്ണമയവും വ്യാപകമായി കാണുന്നുണ്ട്.

Advertisements

അതേസമയം അരീക്കോട് ബസ്റ്റാന്‍ഡില്‍ ഉള്ള കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള മാലിന്യം ഓവുചാല്‍ വഴി പുഴയിലേക്ക് ഒഴുക്കുന്നതായും അരീക്കോട് ടൗണിലെ ചില കച്ചവടക്കാര്‍ പുഴയില്‍ മാലിന്യം തള്ളുന്നതായും നേരത്തെ തന്നെ പരാതിയുണ്ട്. ഇത്തരത്തിലുള്ള മാലിന്യമാണോ ചാലിയാറെന്ന വലിയ പുഴയെ നശിപ്പിക്കുന്നതെന്നും അധികൃതര്‍ പരിശോധിക്കുകയാണ്.

കേരളത്തിലെ നാലാമത്തെ വലിയ നദിയായ ചാലിയാര്‍ ഉപയോഗ ശൂന്യമാകുംവിധത്തില്‍ മലിനപ്പെടുന്നത് പരിസ്ഥിതി സ്നേഹികളിലും ആശങ്ക ജനിപ്പിച്ചിരിക്കയാണ്. നേരത്തെ മാവൂര്‍ ഗ്രാസിം ഫാക്റ്ററിയില്‍നിന്നുള്ള മലിനജലം ചാലിയേറിലേക്ക് ഒഴുക്കിയത് വന്‍പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഫാക്റ്ററി അടച്ചുപൂട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *