KOYILANDY DIARY

The Perfect News Portal

ഓഖി ദുരന്തത്തിൽ മരിച്ചെന്ന് കരുതിയ വിഴിഞ്ഞം സ്വദേശി തിരിച്ചെത്തി

തിരുവനന്തപുരം: ഓഖി കവർന്നെടുത്ത അച്ഛൻ തിരിച്ചുവരണമേയെന്ന ആന്റണിയുടെ പ്രാർത്ഥന ഒടുവിൽ സഫലമായി. ഓഖി ദുരന്തത്തിൽ മരിച്ചെന്ന് കരുതിയ വിഴിഞ്ഞം സ്വദേശി ശിലുവയ്യൻ മാസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി.

വിഴിഞ്ഞം അടിമലത്തുറ ജനി ഹൗസിൽ കഴിഞ്ഞദിവസം അരങ്ങേറിയ രംഗങ്ങൾ കണ്ടുനിന്നവർക്കൊന്നും ആദ്യം വിശ്വസിക്കാനായില്ല. ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചെന്ന് കരുതിയ 55കാരനായ ശിലുവയ്യൻ കൺമുന്നിൽ നിൽക്കുന്നത് കണ്ട് മകൻ ആന്റണിയാണ് ആദ്യം ഞെട്ടിയത്. പിന്നീട് പിതാവിനെ വാരിപ്പുണർന്നതോടെയാണ് ഇത് സ്വപ്നമല്ലെന്നും കൺമുന്നിൽ നിൽക്കുന്നത് അച്ഛനാണെന്നും ആന്റണി തിരിച്ചറിഞ്ഞത്.

വിഴിഞ്ഞം അടിമലത്തുറ ജനി ഹൗസിൽ ശിലുവയ്യൻ കഴിഞ്ഞ നവംബർ മാസം ആദ്യവാരമാണ് മത്സ്യബന്ധനത്തിനായി കാസർകോട്ടേയ്ക്ക് പോയത്. ഭാര്യ നേരത്തെ മരിച്ചതിനാൽ ശിലുവയ്യനും മകൻ ആന്റണിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മകനെ തനിച്ചാക്കി പോകുന്നതിൽ വിഷമുണ്ടായിരുന്നെങ്കിലും സ്വന്തമായൊരു കിടപ്പാടമെന്ന ലക്ഷ്യം നിറവേറ്റാൻ വേണ്ടിയാണ് ശിലുവയ്യൻ കാസർകോട്ടേക്ക് വണ്ടി കയറിയത്.

Advertisements

കാസർകോടെത്തിയ ശിലുവയ്യൻ മമ്മദ് എന്നയാളുടെ വള്ളത്തിലായിരുന്ന ജോലിക്ക് കയറിയത്. എന്നാൽ ഓഖി ചുഴലിക്കാറ്റ് അറബിക്കടലിൽ ആഞ്ഞടിച്ചപ്പോൾ മമ്മദിന്റെ വള്ളം മറ്റേതോ തീരത്തെത്തി. സംഹാര താണ്ഡവമാടിയ ഓഖിയിൽ നിന്നും രക്ഷപ്പെട്ട് സാഹസികമായാണ് ശിലുവയ്യനും കൂട്ടരും കരയ്ക്ക് കയറിയത്. ഇതിനിടെ, ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബന്ധുക്കൾ അന്വേഷിച്ച് വിളിച്ചതോടെ ശിലുവയ്യനൊഴികെ ബാക്കിയെല്ലാവരും നാട്ടിലേക്ക് മടങ്ങി.

എന്നാൽ കൈയിൽ അഞ്ചിന്റെ പൈസയില്ലാതിരുന്ന ശിലുവയ്യൻ മാത്രം നാട്ടിൽ പോയില്ല. കാറ്റും കോളും അടങ്ങിയാൽ വീണ്ടും വള്ളമിറക്കാമെന്ന പ്രതീക്ഷയിൽ ശിലുവയ്യൻ അവിടെതന്നെ തങ്ങി.എന്നാൽ കടലിൽ പോയ ശിലുവയ്യനെ ഓഖി ദുരന്തത്തിൽപ്പെട്ട് കാണാതായെന്നാണ് വിഴിഞ്ഞത്തുള്ള ബന്ധുക്കളും നാട്ടുകാരും കരുതിയത്. ഏറെനാൾ ശിലുവയ്യന് വേണ്ടി അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

മാസങ്ങൾ കഴിഞ്ഞിട്ടും വിവരം ലഭിക്കാതായതോടെ ശിലുവയ്യനും മരിച്ചെന്ന് ബന്ധുക്കൾ വിശ്വസിച്ചു. നേരത്തെ അമ്മയെ നഷ്ടപ്പെട്ട ആന്റണിക്ക് അച്ഛന്റെ വിയോഗം താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഇതിനിടെ ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട് തിരിച്ചുവരാത്തവരുടെ കൂട്ടത്തിൽ ശിലുവയ്യന്റെ പേരും ചേർക്കപ്പെട്ടു. പള്ളികളിൽ ശിലുവയ്യന് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടന്നു. ഓഖി കവർന്നെടുത്ത ശിലുവയ്യന് ആദരാഞ്ജലി അർപ്പിച്ച് അടിമലത്തുറയിൽ രണ്ട് ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചു.

അച്ഛൻ മരിച്ചെന്ന് കരുതിയപ്പോഴും എന്നെങ്കിലും തിരിച്ചുവരുമെന്ന് ആന്റണിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അച്ഛനെ മടക്കിത്തരണമേയെന്നാണ് ആന്റണി ദിവസവും കർത്താവിനോട് പ്രാർത്ഥിച്ചിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *