ചാലിയത്ത് മത്സ്യബന്ധന ബോട്ട് കത്തി നശിച്ചു

കോഴിക്കോട്: പുഴയിൽ നിർത്തിയിട്ട ബോട്ടിന് തീപിടിച്ച് വൻ നാശനഷ്ടം. ബേപ്പൂർ തുറമുഖത്തിനും ചാലിയം ഫിഷ് ലാൻഡിങ് സെൻ്ററിനും സമീപത്തായുള്ള തുരുത്തിനടുത്ത് പുഴയിൽ നങ്കൂരമിട്ട “ഹാസ്കോ’ എന്ന മീൻപിടിത്തബോട്ടിനാണ് തീപിടിച്ചത്. വീൽഹൗസും വലയും അനുബന്ധ ഉപകരണങ്ങളും പൂർണമായി കത്തി. എൻജിൻ പകുതിയോളം നശിച്ചു.

തിങ്കളാഴ്ച പകൽ ഒന്നോടെയുണ്ടായ അപകടത്തിൽ ആളപായമില്ല. എട്ടര ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടം കണക്കാക്കുന്നു. മീൻപിടിത്തം കഴിഞ്ഞെത്തി, പുഴയിൽ നങ്കൂരമിട്ട ബോട്ടിൽ ഒഡിഷ സ്വദേശിയായ മത്സ്യത്തൊഴിലാളി മാത്രമാണുണ്ടായിരുന്നത്. ഇയാൾ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ ചോർന്നതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം. ഇയാൾ വെള്ളത്തിൽ ചാടി രക്ഷപ്പെട്ടു.


ബോട്ടിൽനിന്ന് തീയും പുകയും ഉയർന്നതിനെ തുടർന്ന് മറ്റു ബോട്ടുകളിലും വള്ളങ്ങളിലുമായി മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസുമെത്തിയാണ് തീയണച്ചത്. ഫറോക്ക് കരുവൻ തിരുത്തി സ്വദേശികളായ തയ്യിൽ അക്ബർ, വലിയ വീട്ടിൽ മുഹമ്മദ് റിയാസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. മൂന്ന് വല, ജിപിഎസ്, എക്കോ സൗണ്ടർ, രണ്ട് വയർലസ് സെറ്റുകൾ, ബിഞ്ച്, വലിയ റോപ്പുകൾ എന്നിവ കത്തിച്ചാമ്പലായി. ഫിഷറീസ് അധികൃതർ സ്ഥലത്തെത്തി.

