ചാലിക്കരയില്‍ നടന്ന കന്നുകുട്ടി മേള ക്ഷീരകര്‍ഷകര്‍ക്ക് പ്രോത്സാഹന പദ്ധതിയായി
 
        പേരാമ്പ്ര: ചാലിക്കരയില്‍ നടന്ന സംസ്ഥാനതല മെഗാ കന്നുകുട്ടി മേള ക്ഷീരകര്‍ഷകര്‍ക്ക് പ്രോത്സാഹന പദ്ധതിയായി .ഇന്നലെ കാലത്ത് വനം ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പദ്ധതി ഉദ്ഘാടനം ചെയ്തു. ദേശീയ ക്ഷീരപദ്ധതിയുടെ ഭാഗമായി കേരള കന്നുകാലി വികസന ബോര്‍ഡ്, മലബാര്‍ മേഖല ക്ഷീരോത്പാദക യൂണിയന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹായത്തോടെയാണ് പദ്ധതി.
വയനാട്, കണ്ണൂര്‍ ജില്ലകളില്‍ സന്തതി പരിശോധന പദ്ധതി നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലെ ചാലിക്കരയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. മികച്ച സങ്കരയിനം ഹോള്‍ സ്റ്റീന് ഫ്രീഷ്യന്‍ വിത്തുകാളക്കുട്ടികളെ രാജ്യത്തിനകത്തുളള ഗാഢ ശീതീകൃത ബീജോത്പാദക കേന്ദ്രങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഉത്പ്പാദിപ്പിക്കുകയാണ് പ്രധാന ഉദ്ദേശം.



 
                        

 
                 
                