KOYILANDY DIARY

The Perfect News Portal

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍

ലണ്ടന്‍: ഏകദിന, ട്വന്റി 20 ലോകകപ്പുകള്‍ക്ക് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യയും പാകിസ്താനും പരസ്പരം ഏറ്റുമുട്ടുക. ചാമ്പ്യന്‍സ് ട്രോഫിയുടെ ഫിക്‌സ്ചര്‍ ബുധനാഴ്ചയാണ് ഐ സി സി പ്രഖ്യാപിച്ചത്. നിലവിലെ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളാണ് ഇന്ത്യ. ഇന്ത്യയ്ക്കും പാകിസ്താനും പുറമേ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും പൂള്‍ ബിയിലുണ്ട്. ആതിഥേയരായ ഇംഗ്ലണ്ടിനൊപ്പം ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നീ ടീമുകളാണ് പൂള്‍ എയില്‍ കളിക്കുക. ജൂണ്‍ 1 മുതല്‍ 18 വരെ ലോകത്തെ ഉയര്‍ന്ന റാങ്കിംഗിലുള്ള 8 ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫി കളിക്കുക. രണ്ട് വട്ടം ഏകദിന ലോക ചാമ്പ്യന്മാരായിട്ടുളള വെസ്റ്റ് ഇന്‍ഡീസിന് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടാനായിട്ടില്ല.

2015 ലെ ഏകദിന ലോകകപ്പിലും 2016 ല്‍ ഇന്ത്യയില്‍ നടന്ന ട്വന്റി 20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലായിരുന്നു. രണ്ട് കളിയും ഇന്ത്യ ജയിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ മൂന്ന് തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ രണ്ടും പാകിസ്താനാണ് ജയിച്ചത്. ഒരു തവണ ഇന്ത്യ ജയിച്ചു. ഐ സി സി റാങ്കിംഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്താന്‍ എട്ടാമതും. ജൂണ്‍ 1 ന് ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഉദ്ഘാടന മത്സരം.