KOYILANDY DIARY.COM

The Perfect News Portal

ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌‌ജെന്‍ഡറുകള്‍ക്കായി സഹകരണ സംഘം

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌‌ജെന്‍ഡറുകള്‍ക്കായി സഹകരണ സംഘം രൂപീകരിച്ച്‌ കേരളം രാജ്യത്തിന് മാതൃകായാകുന്നു. സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ സഹകരണ സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചത്.

സഹകരണ കോണ്‍ഗ്രസിലും സഹകരണ നയത്തിലും പ്രഖ്യാപിച്ച ട്രാന്‍സ്‌ജെന്‍ഡറുകളുടെ സഹകരണ സംഘം യാഥാര്‍ത്ഥ്യമാകുമ്ബോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആ വിഭാഗം നിറഞ്ഞ സന്തോഷത്തിലാണ്. സഹകരണ സംഘം വഴി നിക്ഷേപത്തിനും, സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും വഴിയൊരുങ്ങും. ഹോട്ടലുകള്‍, ക്യാന്റീനുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, ഡിടിപി സെന്ററുകള്‍ തുടങ്ങി നിരവധി സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹകരണ സംഘം വഴി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് അവസരമൊരുക്കുന്നത്.

ട്രാന്‍സ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലാണ് സഹകരണ സംഘം പ്രവര്‍ത്തിക്കുക. സംഘം രൂപീകരണ യോഗം തിരുവനന്തപുരം കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ എന്റെ അധ്യക്ഷതയിലാണ് ചേര്‍ന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളാണെന്നതിന്റെ പേരില്‍ സമൂഹം ഒറ്റപ്പെടുത്തുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഷെല്‍ട്ടര്‍ ഹോമും സൊസൈറ്റി ഒരുക്കും. മദ്യത്തിനും മയക്കുമരുന്നിനും എതിരെ പ്രചാരണം നടത്തുന്നതടക്കമുള്ള ബോധവല്‍ക്കരണ പരിപാടികളും സൊസൈറ്റി ഏറ്റെടുക്കും.

Advertisements

ട്രാന്‍സ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തന പരിധി സംസ്ഥാനം മുഴുവനുണ്ടാകും. സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിനായി ട്രാന്‍സ്‌ജെന്‍ഡറായ ശ്യാമ എസ് പ്രഭ ചീഫ് പ്രൊമോട്ടര്‍ ആയി ഏഴംഗ പ്രൊമോട്ടിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. രാജ്യത്തിന് തന്നെ മാതൃകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കായി ഇത്തരമൊരു പദ്ധതിയെന്നും അതിന് സഹകരണ മന്ത്രിക്ക് നന്ദി പറയുന്നുവെന്നും ശ്യാമ എസ് പ്രഭ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡറുകളില്‍ നിക്ഷേപ താല്‍പര്യമുണ്ടാക്കുകയും, സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുകയും വഴി അവര്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കാനും സമൂഹത്തിന്റെ ഭാഗമായി നില്‍ക്കാനുമാണ് ട്രാന്‍സ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി വഴി ശ്രമിക്കുന്നത്. രൂപീകരണ യോഗത്തില്‍ സഹകരണ രജിസ്ട്രാര്‍ ഡോ. ഡി. സജിത്ബാബു ഐഎഎസ്, കൗണ്‍സിലര്‍ ഐ.പി ബിനു എന്നിവരും പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *