ചങ്ങരോത്ത് പഞ്ചായത്തിന്റെ ജീവ നാഡിയായ ചെറുപുഴയ്‌ക്ക് പുനർജനി

പേരാമ്പ്ര: ജല ദിനത്തിൽ ജനസേനയിറങ്ങി, ചങ്ങരോത്ത് പഞ്ചായത്തിന്റെ ജീവ നാഡിയായ ചെറുപുഴയ്‌ക്ക് പുനർജനി. വിസ്മൃതമായിക്കൊണ്ടിരുന്ന ചെറുപുഴ വീണ്ടെടുക്കാനുള്ള പഞ്ചായത്തിന്റെ ജനകീയ ദൗത്യത്തിൽ പങ്കാളികളായത് ആറായിരത്തോളം സന്നദ്ധ പ്രവർത്തകർ. ചെറുപുഴ വീണ്ടെടുക്കലിന്റെ ഉദ്ഘാടനം കടിയങ്ങാട് പാലത്തിനടുത്ത് കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു.

പഞ്ചായത്ത് രൂപീകരിച്ച ബഹുജന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്നദ്ധപ്രവർത്തകർ രാവിലെ എട്ടരക്ക് തന്നെ പുഴ ശുചീകരണം ആരംഭിച്ചു. 19 വാർഡിലേയും നാട്ടുകാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, എസ് പി സി, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, യുവജനങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികൾ ഉള്‍പ്പെടെ ആറായിരത്തിലധികം പേരാണ് പുഴയിലിറങ്ങി മാലിന്യങ്ങള്‍ നീക്കംചെയ്തത്. കൂത്താളി പഞ്ചായത്തതിർത്തിയോട് ചേർന്ന പര്യായി ഏരം തോട്ടം കോവുപ്പുറം മുതല്‍ കല്ലൂര്‍മൂഴിവരെയുള്ള ഏഴ് കിലോമീറ്ററിലെ മാലിന്യങ്ങള്‍ 95 ഗ്രൂപ്പുകളായി തിരിച്ചാണ് നീക്കം ചെയ്തത്. ഓരോ കേന്ദ്രത്തിലും വാർഡടിസ്ഥാനത്തിൽ ഭക്ഷണവുമൊരുക്കി.


വൈകിട്ട് മൂന്നോടെ മാലിന്യങ്ങൾ നീക്കിയും കാട് വെട്ടിത്തെളിച്ചും പുഴയുടെ ഒഴുക്ക് സുഗമമാക്കാനായി. വൈകിട്ട് ചേർന്ന സമാപനയോഗത്തിൽ ടി പി രാമകൃഷ്ണൻ എംഎൽഎ പുഴ വീണ്ടെടുക്കൽ പ്രഖ്യാപനംനടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. പുഴയിലെ അനധികൃത കൈയേറ്റങ്ങൾ പൂർണമായി അവസാനിപ്പിക്കും. ചെറുപുഴയുടെ തീരം കയർ ഭൂവസ്ത്രം വിരിച്ചും ഈറ്റ, മുള, കണ്ടൽ എന്നിവ വച്ചുപിടിപ്പിച്ചും കുളിക്കടവ് സജ്ജമാക്കിയും പരിപാലനം ഉറപ്പു വരുത്തും.


