KOYILANDY DIARY

The Perfect News Portal

ചങ്ങനാശേരിയിൽ പ്രവാസിയുടെ വീട്ടില്‍ മോഷണം; 35 പവന്‍ നഷ്ടമായി

ചങ്ങനാശേരി: യുവതിയും മകളും അടുത്തവീട്ടില്‍ താമസിക്കാന്‍ പോകുന്നതറിഞ്ഞ മോഷ്ടാവ് പ്രവാസിയുടെ വീട്ടില്‍ നിന്നും 35 പവന്‍ സ്വര്‍ണവും 7,000 രൂപയും മോഷ്ടിച്ചു. വടക്കേക്കര പള്ളിക്ക് സമീപം കൈനിക്കര അഷ്റഫിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞദിവസം രാത്രിയാണ് മോഷണമുണ്ടായത്. അഫ്റഫിന്റെ ഭാര്യയും വാഴപ്പള്ളി വില്ലേജ് ഓഫീസിലെ ജീവനക്കാരിയുമായ ഖദീജ ബീവിയും മകളുമാണ് ഇവിടെ താമസം.

രാത്രിയാകുന്നതോടെ ഖദീജാ ബീവിയും മകളും സമീപത്തു അടുത്തവീട്ടില്‍ രോഗിയായ മാതാവിന്റെ അടുത്തേക്കു പോവുകയും അടുത്ത ദിവസം രാവിലെ വീട്ടിലേക്കു തിരികെയെത്തുകയുമാണു പതിവ്. ഇക്കാര്യമറിഞ്ഞ മോഷ്ടാവ് മോഷണത്തിനിറങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണു നഷ്ടപ്പെട്ടത്. മുന്‍വശത്തെ വാതിലും അലമാരയും കുത്തിപ്പൊളിച്ച നിലയിലാണ്. തുണികളും മറ്റു സാധനങ്ങളും മുറിയില്‍ വാരിവലിച്ചിട്ടു.

ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍, സിഐ: പി.കെ.വിനോദ്, വാകത്താനം സിഐ: പി.വി.മനോജ് കുമാര്‍, എസ്‌ഐമാരായ എം.കെ.ഷെമീര്‍, സിബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.

Advertisements

സമീപത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഒന്നര മാസം മുന്‍പ് വടക്കേക്കര ഭാഗത്ത് കറുകപ്പള്ളി സെബാസ്റ്റ്യന്റെ വീട്ടില്‍ മോഷണശ്രമമുണ്ടായി. പണവും ആഭരണങ്ങളും നഷ്ടപ്പെട്ടില്ല. ഏനാചിറ കുരിശിനു സമീപത്തെ വീട്ടിലും ശനിയാഴ്ച മോഷണം നടന്നു. വീടു പൂട്ടി രാവിലെ മകളുടെ വീട്ടിലേക്കുപോയ വീട്ടുടമയും ഭാര്യയും രാത്രി എട്ടിനു തിരികെയെത്തിയപ്പോഴാണു മോഷണവിവരം അറിഞ്ഞത്. ഒരു പവനില്‍ താഴെ തൂക്കമുള്ള കമ്മലുകള്‍ നഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *