KOYILANDY DIARY

The Perfect News Portal

ജല ജീവൻ മിഷൻ പദ്ധതി: ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ഇനി ശാശ്വത പരിഹാരമാകും

കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ജല ജീവൻ മിഷൻ പദ്ധതി പൂർണ്ണമായും നടപ്പിലാക്കുന്നതോടെ ശ്വാശ്വത പരിഹാരമാകുമെന്ന് കാനത്തിൽ ജമീല എം.എൽ.എ പറഞ്ഞു.  എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. പഞ്ചായത്ത് പ്രസിഡണ്ടുമാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാരും പങ്കെടുത്ത പദ്ധതിയുടെ പ്രാഥമിക വിശകലന യോഗം എം.എൽ.എ യുടെ അധ്യക്ഷതയിൽ കൊയിലാണ്ടി റസ്റ്റ്ഹൗസിൽ വെച്ച് ചേർന്നു.  50 ശതമാനം കേന്ദ്ര സർക്കാർ വിഹിതം 25 ശതമാനം സംസ്ഥാന സർക്കാർ വിഹിതം 15 ശതമാനം ഗ്രാമ പഞ്ചായത്ത് വിഹിതം 10 ശതമാനം ഗുണഭോക്തൃവിഹിതം എന്നിങ്ങനെയാണ് പദ്ധതി ചെലവിന്റെ ഘടന. വാട്ടർ അതോറിറ്റി പ്രൊജക്ട് വിഭാഗം എല്ലാ പഞ്ചായത്തുകളിലും ജലസംഭരണി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഡിജിറ്റൽ സർവ്വെ പൂർത്തിയാക്കിയിട്ടുണ്ട്. 

ചേമഞ്ചേരിയിൽ വാളാർ കുന്നിൽ 28 സെന്റും ചെങ്ങോട്ടുകാവിൽ കാരയാട്ട് കുന്നിൽ 27 സെന്റും മൂടാടിയിൽ മുചുകുന്ന് ഗവ.കോളജിന് സമീപത്ത് 15 സെന്റും തിക്കോടിയിൽ കിടഞ്ഞിക്കുന്നിൽ 21 സെന്റുമാണ് സർവ്വെ പ്രകാരം വലിയ ജലസംഭരണികൾക്കായി സ്ഥലം കണ്ടെത്തിയത്.  കണ്ടെത്തിയ സ്ഥലങ്ങൾ പഞ്ചായത്ത് ഏറ്റെടുത്ത് വാട്ടർ അതോറിറ്റിക്ക് കൈമാറേണ്ടതുണ്ട്.  2024 ഓടു കൂടി പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 2054 വർഷം വരേക്കും ഉണ്ടായേക്കാവുന്ന ജനസംഖ്യാ വർദ്ധനവ് കൂടി കണക്കിലെടുത്താണ് ഓരോ പഞ്ചായത്തിലേക്കും ആവശ്യമായ കുടിവെള്ള കണക്ഷനുകൾ നിർണ്ണയിച്ചിട്ടുള്ളത്.  ഇതിനനുസൃതമായിട്ടാണ് ജലസംഭരണികളുടെ വ്യാപ്തിയും ക്രമീകരിച്ചിട്ടുള്ളത്. പെരുവണ്ണാമൂഴിയിൽ നിന്നും കോഴിക്കോട് നഗരത്തിലേക്ക് പോകുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയിലെ പൈപ്പ് ലൈനിൽ നിന്നും തോരായിക്കടവ് ഭാഗത്ത് പുഴ ക്രോസ് ചെയ്ത് കൊണ്ടാണ് മണ്ഡലത്തിലേക്ക് കുടിവെള്ളം എത്തിക്കാൻ ഉദ്ദേശിക്കുന്നത്. ജില്ലാ കലക്ടർ ചെയർമാനായ ജില്ലാ കുടിവെള്ള ശുചിത്വമിഷൻ ഇതിനോടകം പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അടുത്ത ആഴ്ചയോടുകൂടി സംസ്ഥാന കുടിവെള്ള ശുചിത്വമിഷനും പദ്ധതിക്ക് അംഗീകാരം നൽകുമെന്നാണ് കരുതുന്നത്.

യോഗത്തിൽ എം.എൽ.എ യെ കൂടാതെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗോപാലൻ നായർ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, എം.പിയുടെ പ്രതിനിധി ദിനേഷ്കുമാർ വി.എൻ, ഇ.കെ.അജിത് മാസ്റ്റർ, ബേബി സുന്ദർരാജ്, രാമചന്ദ്രൻ കുയ്യണ്ടി, വാട്ടർ അതോറിറ്റി പ്രൊജക്ട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ജിതേഷ്, സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ജഗന്നാഥൻ, അസിസ്റ്റൻറ് എഞ്ചിനീയർ അബ്ദുൾ ഹമീദ് എന്നിവർ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *